തിരുവനന്തപുരം മെഡി.കോളജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടക്കട്ടെയെന്ന് ഡോ. ഹാരിസ്. ഉപകരണം ഉപയോഗിക്കുന്നതല്ല, മാറ്റിവച്ചിരിക്കുന്നു. നോട്ടിസിന് തിങ്കളാഴ്ച മറുപടി നല്‍കുമെന്നും ഡോ. ഹാരിസ്.
ശസ്ത്രക്രിയാ ഉപകരണഭാഗം കാണാതായെന്ന റിപ്പോർട്ടിലാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കും. മോ സിലോസ്കോപ്പ് എന്ന ഉപകരണത്തിന്‍റെ ഭാഗം കാണാതായെന്നാണ്, ഡോക്ടർ ഹാരിസിന്‍റെ വെളിപ്പെടുത്തൽ അന്വേഷിച്ച വിദഗ്ധ സമിതി കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാനാണ് ഡോക്ടർ ബി. പദ്മകുമാർ അധ്യക്ഷനായ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നത്. മെഡിക്കൽ കോളജിലെ വിവരങ്ങൾ ശേഖരിച്ച വിദഗ്ധസമിതി യൂറോളജി വിഭാഗത്തിലെ മോസിലോസ്കോപ്പ് എന്ന ഉപകരണത്തിന്റെ ഭാഗങ്ങൾ കാണാനില്ലെന്നും കണ്ടെത്തി. ഇന്നലെ മാധ്യമങ്ങൾക്ക് മുമ്പിൽ മന്ത്രി വീണാ ജോർജ് തന്നെ ഇക്കാര്യം വെളിപ്പെടുത്തി.
പിന്നാലെയാണ് ഡിഎംഇ ഡോ. കെ. വി. വിശ്വനാഥനെ അന്വേഷണ ചുമതലയേൽപ്പിച്ചത്. ലക്ഷങ്ങൾ വിലവരുന്ന ഉപകരണ ഭാഗം കാണാതായത് ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. എന്നാൽ ഉപകരണങ്ങളെല്ലാം ഭദ്രമായി ഉണ്ടെന്നായിരുന്നു വകുപ്പ് മേധാവി ഡോക്ടർ ഹാരിസ് ചിറയ്ക്കലിന്‍റെ മറുപടി.
മാത്രമല്ല ഡോക്ടർ ഹാരിസിന് നൽകിയ മെമ്മോയെ കുറിച്ചുള്ള ചോദ്യത്തിന് ഉപകരണ ഭാഗം കാണാതായെന്ന മന്ത്രിയുടെ മറുപടി ഡോക്ടറെ ഇരുട്ടിൽ നിർത്താൻ ആണെന്നും വിമർശനം ഉയർന്നിരുന്നു. ഉപകരണം കാണാതായിട്ടുണ്ടോ ? ഉണ്ടെങ്കിൽ എന്നാണ് ? ആരാണ് ഉത്തരവാദികൾ ? എന്നെല്ലാം അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. വകുപ്പുതല അന്വേഷണത്തിന് പരിധിയിൽ കാര്യങ്ങൾ നിൽക്കുന്നില്ലെങ്കിൽ പരാതി പൊലീസിന് കൈമാറാനാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.