അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഇടിവെട്ട് നികുതിയില്‍ കടുത്ത പ്രതിസന്ധിയിലായി സംസ്ഥാനത്തെ സമുദ്രോല്‍പന്ന മേഖല.ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതോടെയാണ് പ്രതിസന്ധി. രാജ്യത്തു നിന്നുള്ള മത്സ്യ കയറ്റുമതിയുടെ 45 ശതമാനവും അമേരിക്കയിലേക്കാണ്.
ഇന്ത്യ ലോകത്ത് ഏറ്റവുമധികം നികുതി ഈടാക്കുന്ന രാജ്യമാണെന്നും ഇന്ത്യയുമായി യുഎസിനുള്ളത് വന്‍വ്യാപാരക്കമ്മിയാണെന്നും വ്യക്തമാക്കിയായിരുന്നു കനത്ത ഇറക്കുമതി തീരുവ ട്രംപ് പ്രഖ്യാപിച്ചത്. ചെമ്മീന്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പന്നങ്ങള്‍ക്ക് 10% തീരുവയായിരുന്നത് ഇതോടെ കുത്തനെ ഉയര്‍ന്നു. ഇന്ത്യന്‍ സമുദ്രോല്‍പന്നങ്ങള്‍ക്ക് അമേരിക്കയിലേക്ക് മാത്രം 34000കോടിയിലധികം രൂപയുടെ കയറ്റുമതിയുണ്ട്. മറ്റുരാജ്യങ്ങളില്‍ നിന്ന് തീരുവയില്ലാതെ വരുന്നവയുമായി മത്സരിക്കാന്‍ ശേഷിയില്ലാതെ ഇതോടെ ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങള്‍ മാറും.
ഇന്ത്യയിലെ മല്‍സ്യസംസ്കരണ ഫാക്ടറികളിലേറെയും കേരളത്തിലാണ്. ഫാക്ടറി ജീവനക്കാരെയും, പ്രാദേശിക ചെമ്മീന്‍ പീലിങ് കേന്ദ്രങ്ങളുടെയും നിലനില്‍പ്പിനെ ബാധിക്കുന്നതാണ് ട്രംപിന്‍റെ തീരുമാനം. പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടലും, എം.പി.ഇ.ഡി.എ പോലെയുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും അനിവാര്യമാണ്.