ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്ന് ബിജെപി കേരള അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ചില തെറ്റിദ്ധാരണകളുണ്ട്. പ്രശ്നം രാഷ്ട്രീയ നാടകമാക്കി മാറ്റരുത് വോട്ടും മതവും നോക്കിയല്ല പ്രവര്‍ത്തിക്കുന്നെതന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തൃശൂര്‍ രൂപത അധ്യക്ഷനും സിബിസിഐ പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.
കന്യാസ്ത്രീകള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ നടപടിയില്‍ അമര്‍ഷവും വേദനയുമുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാജീവ് ചന്ദ്രശേഖറിനെ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സായ് എത്തിയതെന്നാണ് സൂചന. കൂടിക്കാഴ്ചയില്‍ കന്യാസ്ത്രീകളുടെ വിഷയം ചര്‍ച്ചയായേക്കും.
അതിനിടെ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഡ് എന്‍ഐഎ കോടതിയില്‍. സെഷന്‍സ് കോടതി നിര്‍ദേശം നടപ്പാക്കാനാണ് തീരുമാനം. സിസ്റ്റര്‍ പ്രീതയുടെ ചികില്‍സാരേഖയടക്കം കോടതിയില്‍ ഹാജരാക്കും. അതേസമയം, അഞ്ചംഗ കോൺഗ്രസ് എംപിമാരുടെ സംഘം ഇന്ന് ദുർഗിലെത്തും. കൊടിക്കുന്നിൽ സുരേഷ്, ആന്‍റോ ആന്‍റണി, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരാണ് ജയിലിൽ എത്തി കന്യാസ്ത്രീകളെ കാണുക.
സിപിഎം നേതാക്കളായ പി.കെ.ശ്രീമതി, സി.എസ്.സുജാത എന്നിവരും ഛത്തീസ്ഗഡിലുണ്ട്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റിന്റെ മദർ സുപ്പീരിയർ ഇസബെൽ ഫ്രാൻസിസും ദുർഗിലെത്തിയിട്ടുണ്ട്. സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാൻസീസ് എന്നിവരുടെ കുടുംബാംഗങ്ങളും എംഎൽഎമാരായ റോജി എം.ജോൺ, സജീവ് ജോസഫ്, ബിജെപി നേതാവ് അനൂപ് ആന്റണി എന്നിവരും റായ്പുറില്‍ തുടരുകയാണ്.