തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസിനെതിരായ നടപടി സ്വാഭാവികമെന്ന് ആരോഗ്യമന്ത്രി. ഡോ. ഹാരിസിന്‍റെ ഭാഗത്ത് നിന്നും അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ഹാരിസിനെതിരായി ശുപാര്‍ശകള്‍ ഏറെയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഉപകരണഭാഗം കാണാതായിട്ടുണ്ട്. വിദഗ്ധ സമിതിയാണ് ഈ വിവരം കണ്ടെത്തിയത്. ഈ കളവ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വാദിയെ പ്രതിയാക്കുന്ന സമീപനമാണ് ആരോഗ്യവകുപ്പിന്‍റേതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ. ഹാരിസ് വ്യക്തമാക്കി. ഉപകരണങ്ങളുണ്ടായിട്ടും ഡോ. ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്ന് അന്വേഷണ സമിതി കണ്ടെത്തിയെന്ന വാദം തളളിയ ഡോക്ടര്‍, റിപ്പോര്‍ട്ട് പുറത്തുവിടാനും വെല്ലുവിളിച്ചു. ഇപ്പോഴും ഉപകരണക്ഷാമമുണ്ടെന്നും രോഗികള്‍ പിരിവിട്ടാണ് ഉപകരണങ്ങള്‍ വാങ്ങുന്നതെന്നും ഡോക്ടര്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
ഉപകരണ പ്രതിസന്ധി യഥാസമയം അധികൃതരെ അറിയിച്ചില്ലെന്ന ഡോ.ഹാരിസിനെതിരായ കാരണം കാണിക്കല്‍ നോട്ടിസിലെ വാദവും പൊളിയുകയാണ്. സ്ഥിതി വ്യക്തമാക്കി ഡോ.ഹാരിസ് സൂപ്രണ്ടിന് എഴുതിയ കത്തുകളുടെ പകര്‍പ്പുകള്‍ മനോരമ ന്യൂസിന് ലഭിച്ചു. ശസ്ത്രക്രിയ ഉപകരണമായ ലിത്തോക്ളാസ്റ്റ് പ്രോബ് ആവശ്യപ്പെട്ട് മാര്‍ച്ച് 10 നാണ് ആദ്യ കത്ത് നല്കിയത്. ജൂണ്‍ 6 ന് വീണ്ടും കത്തയച്ചു. വിവാദം ഉയര്‍ന്ന ശേഷം ജൂലൈ 2 ന് ക്ഷാമുണ്ടെന്ന് പറഞ്ഞ ഉപകരണം 2 എണ്ണം വാങ്ങി എച്ച് എസ് സെക്രട്ടറി കൂടിയായ സൂപ്രണ്ട് കൈപ്പറ്റിയതിന്‍റെ രസീതും മനോരമ ന്യൂസിന് ലഭിച്ചു. പ്രോബ് എന്ന ഉപകരണം ഉണ്ടായിട്ടും ഡോ.ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്ന ഗുരുതര ആരോപണമാണ് കാരണം കാണിക്കല്‍ നോട്ടിസിലുളളത്.