ആദിവാസികളുടേയും ഗവിയിലെ ശ്രീലങ്കന്‍ തമിഴ് വംശജരുടേയും പ്രിയപ്പെട്ട മക്കാ ഡോക്ടര്‍ വിരമിച്ചു. 23 വര്‍ഷമായി സീതത്തോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായിരുന്ന വിന്‍സെന്‍റ് സേവ്യറാണ് വിരമിച്ചത്. വിരമിച്ചെങ്കിലും ആദിവാസികള്‍ക്ക് സൗജന്യ ചികില്‍സയുമായി മേഖലയില്‍ സേവനം തുടരും.
കന്യാകുമാരി സ്വദേശി വിന്‍സെന്‍റ് സേവ്യര്‍ 23 വര്‍ഷം മുന്‍പാണ് സീതത്തോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായി എത്തുന്നത്.രാത്രി,പകല്‍ വ്യത്യാസമില്ലാതെ ആദിവാസി ഊരുകളില്‍ ചികില്‍സയ്ക്ക് ഓടി എത്തി.
ഗവിയിലെ ഏലത്തോട്ടത്തിലെ തൊഴിലാളി ലയങ്ങളിലും എത്തി.അങ്ങനെ സ്നേഹത്തോടെ അവര്‍ വിളിച്ചതാണ് പ്രിയമുള്ള മകനേ എന്ന അര്‍ഥത്തില്‍ മക്കാ ഡോക്ടര്‍ എന്ന്.പൊതുസമൂഹത്തിലേക്ക് ഇറങ്ങി വരാന്‍ മടിച്ചിരുന്ന ആദിവാസി സമൂഹത്തിലേക്ക് മക്കാന്‍ ഡോക്ടര്‍ ഇറങ്ങിച്ചെന്നു.ആഴ്ചയില്‍ ഒന്നിലധികം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.ശബരിമല കാടുകള്‍ക്ക് പുറമേ മൂഴിയാര്‍,വേലുത്തോട്,സായിപ്പിന്‍കുഴി,ചിപ്പന്‍ കുഴി മേഖലകളിലും ഡോക്ടറുടെ സേവനം എത്തി.എല്ലാവരും സ്നേഹമുള്ളവരെന്ന് ഡോക്ടര്‍.
സര്‍ക്കാര്‍ വാഹനമില്ലെങ്കില്‍ സ്വന്തം വാഹനത്തില്‍ എത്തും.വനംവകുപ്പുദ്യോഗസ്ഥര്‍ക്കും അണക്കെട്ടുകളിലെ പൊലീസുകാര്‍ക്കും എല്ലാം ചികില്‍സയുണ്ട്.ഗവിയിലെ തൊഴിലാളികള്‍ ഡോക്ടര്‍ക്ക് കഴിഞ്ഞയാഴ്ച യാത്ര അയപ്പു നല്‍കി.കണ്ണീരോടെയാണ് തൊഴിലാളികള്‍ അദ്ദേഹത്തെ യാത്രയാക്കിയത്.വിരമിച്ചതോടെ സീതത്തോട്ടില്‍ അമ്മ എന്ന പേരില്‍ ക്ലിനിക്ക് തുറന്നു.ഇവിടെ ആദിവാസികള്‍ക്കും പാവങ്ങള്‍ക്കും സൗജന്യ ചികില്‍സ നല്‍കും.