ദേശിയ ചലച്ചിത്ര പുരസ്കാരത്തില്‍ രണ്ട് പുരസ്കാരമാണ് ദി കേരള സ്റ്റോറി എന്ന ചിത്രം നേടിയത്. സുദീപ്തോ സെന്നിന് മികച്ച സംവിധായകനുള്ള അവാര്‍ഡിനൊപ്പം മികച്ച ഛായാഗ്രഹണത്തിനും കേരള സ്റ്റോറിയെ പരിഗണിച്ചു. അതേസമയം കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയ്ക്ക് പുരസ്കാരം ലഭിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുണ്ട്.
Also Read: ഷാറൂക് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്‍; റാണി മുഖർജി നടി
കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെ അവാർഡ് ജൂറി അവഹേളിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു.
Also Read: ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെ അവാർഡ് ജൂറി അവഹേളിച്ചു; വിമര്‍ശിച്ച് മുഖ്യമന്ത്രി
മലയാള താരങ്ങള്‍ നേടിയ നേട്ടങ്ങളുടെ തിളക്കം കെടുത്തുന്നതാണ് 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എഴുതി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നൽകുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്നും ഇത്തരം പ്രവണതകൾ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേർന്നതല്ലെന്നും അദ്ദേഹം എഴുതി.
മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ദ കേരള സ്റ്റോറി സംവിധാനം ചെയ്ത സുധീപ്തോ സെന്നിന്. എമ്മാതിരി ജൂറി എന്നാണ് അഭിനേതാവും അഭിഭാഷകനുമായ സി ശൂക്കുര്‍ എഴുതിയത്. സംഘപരിവാർ രാജ്യം ഭരിക്കുമ്പോൾ ഇതും ഇതിലപ്പുറവും നടക്കും എന്നാണ് ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഷാറൂക് ഖാനും വിക്രാന്ത് മാസിയും 2023 ലെ മികച്ച നടന്മാര്‍. റാണി മുഖർജി നടി. ജവാനിലെ അഭിനയത്തിനാണ് ഷാരൂഖിന് അവാര്‍ഡ്. 12th ഫെയിലിലെ അഭിനയത്തിന് വിക്രാന്തിന് പുരസ്കാരം. Mrs ചാറ്റര്‍ജി Vs നോര്‍വെയിലെ അഭിനയത്തിനാണ് റാണി മുഖര്‍ജിക്ക് പുരസ്കാരം. ഉര്‍വശി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് പുരസ്കാരം. വിജയരാഘന്‍ മികച്ച സഹനടനായി. പൂക്കാലത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാള സിനിമ. പൂക്കാലം എഡിറ്റര്‍ മിഥുന്‍ മുരളി മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരം നേടി.