കോച്ചുകളുടെ എണ്ണം കൂട്ടിയിട്ടും യാത്രാദുരിതമൊഴിയാതെ ആലപ്പുഴ-എറണാകുളം മെമു. 12 കോച്ചുകൾ ഉണ്ടായിരുന്ന മെമുവിന് പുതിയതായി നാലു കോച്ചുകൾ ലഭിച്ചുവെങ്കിലും യാത്രക്കാർക്ക് ആശ്വാസമായില്ല. തുറവൂരിൽ മെമു അരമണിക്കൂറിലധികം പിടിച്ചിടുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഇത്തവണയും റെയിൽവേ കേട്ട മട്ടില്ല.
നിരന്തരമായ അപേക്ഷകൾക്കൊടുവിലാണ് തിങ്ങി നിറഞ്ഞ് ഓടിക്കൊണ്ടിരുന്ന ആലപ്പുഴ-എറണാകുളം മെമുവിൽ നാല് പുതിയ കോച്ചുകൾ ഈയാഴ്ച ആദ്യം കൂട്ടിച്ചേർത്തത്. ഇതോടെ കോച്ചുകളുടെ എണ്ണം 16 ആയി. മുൻപുണ്ടായിരുന്ന രണ്ടു കോച്ചുകൾക്ക് പുറമെ സ്ത്രീകൾക്ക് ഒരു അധിക കമ്പാർട്ട്മെന്റും അനുവദിച്ചു. എന്നാൽ, പുതിയ കോച്ചുകൾ വന്നെങ്കിലും മെമുയാത്രയുടെ യാഥാർത്ഥ്യത്തെക്കുറിച്ച് യാത്രക്കാര്‍ പറയുന്നത് ഇങ്ങനെ; ‘നേരത്തെ, തലകറങ്ങി വീഴുന്ന ആളുകള്‍ താഴെ വീഴില്ല,തിരക്ക് കാരണം തങ്ങി നില്‍ക്കുമായിരുന്നു.ഇപ്പോള്‍ അവര്‍ക്ക് താഴെ വീഴാനുള്ള ഒരു സ്ഥലം ഉണ്ടെന്ന് മാത്രം. അതല്ലാതെ വലിയ വ്യത്യാസമൊന്നും ഈ റൂട്ടില്‍ വന്നിട്ടില്ല’.
രാവിലെ 7.25ന് ആലപ്പുഴയിൽ നിന്നെടുക്കുന്ന മെമു എറണാകുളത്ത് എത്തുന്നത് ഒമ്പതിന്. അതിനിടയിൽ തുറവൂരിൽ 20 മുതൽ 40 മിനിറ്റ് വരെ പിടിച്ചിടുന്നുണ്ട്. ഇത് യാത്രാദുരിതം ഇരട്ടിയാക്കുന്നു. കൊല്ലം- ആലപ്പുഴ, ആലപ്പുഴ- എറണാകുളം, എറണാകുളം- ഷൊർണൂർ, ഷൊർണൂർ- കണ്ണൂർ എന്നിങ്ങനെ നാല് റൂട്ടുകളിൽ ആണ് മെമു സർവീസ് നടത്തുന്നത്. കൊല്ലത്തുനിന്ന് തുടങ്ങി ആലപ്പുഴ വഴിയുള്ള സർവീസിനു ശേഷം മൂന്നാം ദിവസമാണ് ഒരു മെമു തിരിച്ച് കൊല്ലത്തെത്തുന്നത്. ഇത്തരത്തിൽ മൂന്ന് മെമുവിലാണ് അധികകോച്ചുകൾ ഉൾപ്പെടുത്തിയത്.