നിപ വൈറസുകളുടെ ഉറവിടമായി കരുതുന്ന ജീവികളിലൊന്നാണല്ലോ വവ്വാലുകള്‍. അതിനാല്‍ ഒരു വവ്വാലിനെ കാണുന്നത് പോലും പലര്‍ക്കും പേടിയാണ്. അപ്പോള്‍ ഒരു നാടാകെ വവ്വാലുകള്‍ കൊണ്ട് നിറഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും...? അത്തരമൊരു ഭീതിതമായ സാഹചര്യത്തിലൂടെയാണ് തിരുവനന്തപുരം ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ ചക്രപാണിപുരം ഗ്രാമം കടന്ന് പോകുന്നത്.
ഈ അഹസ്യമായ കരച്ചിലാണ് ഇന്ന് ചക്രപാണിപുരത്തിന്റെ സ്വാഗതഗാനം. ഉയരം കൂടിയ ആഞ്ഞിലിയിലും റബര്‍ മരത്തിലുമൊക്കെ തൂങ്ങിയാടി വവ്വാലുകള്‍. എണ്ണി കണക്കെടുക്കാനാവില്ല. കാക്കത്തൊള്ളായിരം എന്ന് ചുരുക്കി പറയാം.
ചക്രപാണിപുരം ഇവരുടെ താവളമായിട്ട് വര്‍ഷം പത്ത് പതിനഞ്ചായി. പക്ഷേ, അന്ന് ഇങ്ങനെ അസഹ്യമായിരുന്നില്ല. ഇതിപ്പോള്‍ പെറ്റുപെരുകി ജീവിതം ദുസ്സഹമായിരിക്കുകയാണ്. പടക്കം പൊട്ടിച്ചു, പുകച്ചു, പാത്രം കൊട്ടി. – ഈ കരച്ചില്‍ കേള്‍ക്കാതെ ഒന്ന് മനസമാധാനമായി ഉറങ്ങാന്‍ പല വഴി നോക്കിയെങ്കിലും എല്ലാം വെറുതേയായി. സഹായം തേടിയ പഞ്ചായത്തും ആരോഗ്യ വകുപ്പും കൈമലര്‍ത്തി. വന്യജീവി അല്ലെന്ന കാരണം പറഞ്ഞ് വനം വകുപ്പും മുഖംതിരിച്ചു. എല്ലാവരും വാതില്‍ അടച്ചതോടെ, പാവം ചക്രപാണിപുരകാര്‍ എന്തും ചെയ്യുമെന്നറിയാതെ അവസ്ഥയിലാണ്.