നിമിഷപ്രിയ കേസില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ക്കു വേണ്ടി തലാലിന്‍റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായി സുവിശേഷകന്‍ കെ.എ പോള്‍. തലാലിന്‍റെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദിയുമായി ബന്ധപ്പെട്ടന്ന പ്രചാരണത്തില്‍ ക്ഷമ ചോദിക്കുന്നു എന്നാണ് കെ.എ പോള്‍ വിഡിയോയില്‍ പറയുന്നത്. നിമിഷപ്രിയയുടെ മകള്‍ മിഷേലും ഇയാള്‍ക്കൊപ്പം വിഡിയോയിലുണ്ട്.
ചില മാധ്യമങ്ങള്‍ കള്ളം പറഞ്ഞു. എല്ലാ വഴിയിലൂടെയും നിങ്ങളിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രൈബല്‍ നേതാക്കളിലൂടെയും പ്രാദേശിക നേതാക്കളിലൂടെയും ഹൂതി നേതാക്കള്‍ വഴിയും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നിമിഷപ്രിയയെ വെറുതെ വിട്ടാല്‍ നിങ്ങളെ ദൈവം അനുഗ്രഹിക്കും, എന്നിങ്ങനെയാണ് പോളിന്‍റെ വാക്കുകള്‍.
നിമിഷപ്രിയയെ മോചിപ്പിക്കുന്നതിന് തലാലിന്‍റെ കുടുംബത്തിന്റെ നിബന്ധനകൾ നിറവേറ്റാൻ തയ്യാറാണെന്നും പോള്‍ പറയുന്നു. 'നിങ്ങളുടെ സഹോദരനെ തിരികെ തരാന്‍ കഴിയില്ല. നിങ്ങളുടെ വേദന മനസിലാകും. പകരമായി നിമിഷയെ കൊന്നാല്‍ മനുഷത്വം മരിക്കും' എന്നും പോള്‍ വിഡിയോയില്‍ പറയുന്നു. നിമിഷപ്രിയയുടെ മകള്‍ മിഷേലും വിഡിയോയില്‍ തലാലിന്‍റെ സഹോദരനോട് ക്ഷമ ചോദിക്കുന്നുണ്ട്.
ഇതിന് മുന്‍പുള്ള വിഡിയോയില്‍ കാന്തപുരത്തെ വിമര്‍ശിക്കുകയാണ് പോള്‍ ചെയ്യുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് താന്‍ ആവശ്യപ്പെട്ടിടാണെന്നാണ് ഇയാളുടെ അവകാശവാദം. കാന്തപുരത്തിന്‍റെ പ്രസ്താവനകള്‍ എല്ലാം തകിടം മറിച്ചെന്നും വധശിക്ഷ നടപ്പിലാക്കുകയാണെങ്കില്‍ അതിന് കാരണം കാന്തപുരമാകുമെന്നും പോള്‍ വിഡിയോയില്‍ പറയുന്നുണ്ട്.
അവരുമായി ബന്ധപ്പെട്ടില്ലെന്ന് സഹോദരന്‍ പറയുന്നു. ഇപ്പോള്‍ വധശിക്ഷ നടപ്പാക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്തു നല്‍കി. 19 ദിവസമായി ചെയ്ത നല്ല കാര്യങ്ങള്‍ കാന്തപുരത്തിന്‍റെ പ്രവൃത്തിയോടെ പിഴച്ചു. ഇതിനാല്‍ കാന്തപുരം മാപ്പ് പറയണമെന്നും ഇയാള്‍ വിഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശപ്പെട്ടും കെ.എ പോളിന്‍റെ വിഡിയോ ഉണ്ടായിരുന്നു.
അതേസമയം വധശിക്ഷ റദ്ദാക്കിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കാന്തപുരം. വാര്‍ത്ത പിന്‍വലിച്ചിട്ടില്ലെന്നും തെറ്റിദ്ധാരണ പരത്താനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹത്തിന്‍റെ ഓഫിസ് ആരോപിച്ചു. കാന്തപുരത്തിന്‍റെ ബന്ധം ഉപയോഗിച്ചുള്ള അനൗദ്യോഗിക ചർച്ചകളാണ് യെമനിൽ നടക്കുന്നത് സര്‍ക്കാരുമായി ബന്ധമില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേശകന്‍ സുഭാഷ് ചന്ദ്രനും പറഞ്ഞു. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബം വധശിക്ഷ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.