Flames and smoke rise following Israeli airstrikes in Sanaa, Yemen (AP/PTI)
ഖത്തറിന് പിന്നാലെ യെമനിലും ആക്രമണം നടത്തി ഇസ്രയേല്‍. സനായിലെ ഹൂതി കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തില്‍ 35 പേരെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. 131 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റമോണ്‍ വിമാനത്താവളം അടക്കം ആക്രമിച്ച ഹൂതികളെ വെറുതെവിടില്ലെന്നും തിരിച്ചടി തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. തലസ്ഥാനമായ സനായിലാണ് കൂടുതൽ പേരും കൊല്ലപ്പെട്ടത്. സൈനിക ആസ്ഥാനവും ഗ്യാസ് സ്റ്റേഷനും ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്്. ഹൂതി വിമതർ ഇസ്രയേൽ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് യെമനിൽ ഇസ്രയേല്‍ വ്യോമാക്രമണം നടത്തുന്നത്. ഓഗസ്റ്റ് 30 നു സനായിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ഖത്തറിലെ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതൃപ്തി അറിയിച്ചു. ആക്രമണം ശരിയായില്ലെന്നും നെതന്യാഹുവിനോട് ഫോണിലൂടെ ട്രംപ് പറഞ്ഞു. ചുരുങ്ങിയ സമയമാണ് ലഭിച്ചതെന്നും പ്രശ്നപരിഹാരത്തിനുള്ള അവസാനശ്രമങ്ങളാണ് നടത്തിയതെന്നും നെതന്യാഹു പറഞ്ഞു. ദോഹ ആക്രമണത്തിന് പിന്നാലെ ഹമാസ് നേതാക്കളെ ഉന്നമിട്ട് വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കന്‍ ചാനലിലെ പരിപാടിയില്‍ ഇസ്രയേല്‍ അംബാസഡര്‍ സൂചിപ്പിച്ചിരുന്നു. ഇത്തവണ അവരെ കിട്ടിയില്ലെങ്കിൽ, അടുത്ത തവണ ഞങ്ങൾ പിടികൂടുമെന്നാണ് യെഹിയേൽ ലെയ്റ്റർ പറഞ്ഞത്. സമാധാന ചര്‍ച്ചകള്‍ തുടരാനുള്ള ശ്രമങ്ങളോട് ഇസ്രയേല്‍ സഹകരിക്കില്ലെന്ന് വ്യക്തമാകുന്നതായിരുന്നു പരാമര്‍ശം. അതിനിടെ ആക്രമണം യുഎസ് മുന്‍കൂട്ടി അറിയിച്ചെന്നായിരുന്ന വൈറ്റ്ഹൗസ് വാദം ഖത്തര്‍ പ്രധാനമന്ത്രി തള്ളി.