പുലര്‍ച്ചെ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ യുവാവിന് ദാരുണാന്ത്യം. എറണാകുളം മുളന്തുരുത്തി ചാലപ്പുറത്ത് സ്വദേശി രാജ് (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ അഞ്ചുമണിയോടെ പൈനുങ്കല്‍പ്പാറയിലെ പാലസ് സ്ക്വയറിലെ ജിമ്മിലെത്തിയ രാജ് അരമണിക്കൂറോളം വ്യായാമം ചെയ്തതിന് പിന്നാലെ ക്ഷീണമകറ്റാന്‍ ഇരുന്നു. 5.26 ഓടെ രാജ് കുഴഞ്ഞുവീഴുന്നത് ജിമ്മിലെ സിസിടിവിയില്‍ ദൃശ്യമാണ്. ഈ സമയത്ത് ജിമ്മില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അഞ്ചേ മുക്കാലോടെ മറ്റുള്ളവര്‍ എത്തിയപ്പോഴാണ് രാജിനെ കാണുന്നത്. ഉടന്‍ തന്നെ സിപിആര്‍ നല്‍കി. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സാധാരണ ആറുമണിയോടെയാണ് രാജ് ജിമ്മിലെത്താറുള്ളതെന്ന് ഒപ്പമുള്ളവര്‍ പറയുന്നു. മറ്റു ചില ആവശ്യങ്ങളുള്ളതിനാലാണ് നേരത്തെ ജിമ്മിലെത്തിയതും വ്യായാമം ആരംഭിച്ചതും. വ്യായാമത്തിനിടെ വിശ്രമിക്കാന്‍ ഒരുങ്ങുന്നതിന് മുന്‍പ് നെഞ്ചില്‍ കൈവച്ച് നടക്കുന്നതും സിസിടിവിയിലുണ്ട്.
വ്യായാമം ചെയ്യുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രാവിലെ ഒന്നു ഫ്രഷായാല്‍ പിന്നാലെ വ്യായമം ചെയ്യാമെന്ന് കരുതരുത്. പ്രീ വര്‍ക്ഔട്ട് മീലായി ഒരു പഴമോ മധുരമില്ലാത്തതെന്തെങ്കിലുമോ കഴിക്കണം. ഇത് വ്യായാമം ചെയ്യാനുള്ള ഉന്‍മേഷം കൂട്ടും. വ്യായമത്തിനിടയില്‍ ക്ഷീണം തോന്നിയാല്‍ വിശ്രമിക്കുകയും മിതമായി വെള്ളം കുടിക്കുകയും ചെയ്യാം. വ്യായമത്തിനൊപ്പം ഭക്ഷണക്രമീകരണവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ശരീരം വാം അപ് ചെയ്ത് സജ്ജമാക്കിയ ശേഷം മാത്രമേ വ്യായാമമുറകളിലേക്ക് കടക്കാവൂ. ട്രെയിനറുടെ സേവനവും ഉറപ്പാക്കണം. ആരോഗ്യ സ്ഥിതി പരിശോധിച്ച് അതനുസരിച്ചുള്ള വ്യായാമങ്ങള്‍ ചെയ്യാനും ശ്രദ്ധിക്കണം.