ചത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഇന്നും പ്രതിഷേധം. എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ അങ്കമാലിയില്‍ വിശ്വാസികളുടെ പ്രതിഷേധം. കള്ളക്കേസെടുത്ത് തടവിൽ ആക്കിയതിനെതിരെ, സിസ്റ്റേഴ്സ് അംഗങ്ങളായ ASMI സന്യാസിനി സമൂഹത്തിന്റെ ആസ്ഥാനമായ ചേര്‍ത്തലയിലും പ്രതിഷേധം. അക്രമികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ പരോക്ഷ പിന്തുണയുണ്ടോയെന്ന് സംശയമുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പറഞ്ഞു. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു.
എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ അങ്കമാലിയില്‍ നടന്ന പ്രതിഷേധത്തില്‍ വൈദികരും സന്യസ്തരും വിശ്വാസികളുമുള്‍പ്പെടെ നൂറുണക്കിനാളുകള്‍ പങ്കെടുത്തു.വിവിധ ക്രൈസ്തവ സംഘടനകളും പ്രതിഷേധത്തിന്‍റെ ഭാഗമായി.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കന്യാസ്ത്രീകളാണ് ചേര്‍ത്തലയില്‍ പ്രതിഷേധ സംഗമത്തില്‍ അണി ചേര്‍ന്നത്. ASMI സന്യാസ സഭയുടെ കീഴിലുള്ള ചേർത്തലയിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും സ്കൂൾ വിദ്യാർഥികളും റാലിയിൽ അണിചേർന്നു. റാലിക്ക് ശേഷം നടന്ന് പ്രതിഷേധ സംഗമത്തില്‍ മന്ത്രി പി.പ്രസാദും വിവിധ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു
ഒരുവശത്ത് പ്രീണനവും മറുവശത്ത് പീഡനവും എന്നത് അംഗീകരിക്കാനാകില്ലെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. കോട്ടയത്ത് ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ പ്രതിഷേധത്തിലാണ് കാതോലിക്കാ ബാവ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി. നെയ്യാര്‍ ഡാമില്‍ പൊതുപരിപാടിക്ക് എത്തിയപ്പോഴായിരുന്നു പ്രതിഷേധം