ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ചൂരൽമലയിലെയും മുണ്ടക്കൈയിലെയും മനുഷ്യർ തങ്ങളുടെ  പ്രിയപ്പെട്ടവരെ കാണാൻ വീണ്ടും പുത്തുമലയിലെ ഹൃദയഭൂമിയിൽ എത്തി.പൂക്കൾ അർപ്പിച്ചും കണ്ണീർ പൊഴിച്ചും ദുരന്തരാത്രി ഓർത്തെടുത്തപ്പോൾ ഹൃദയഭൂമി വീണ്ടും സങ്കടക്കടലായി. പുഷ്പാർച്ചനയും  സർവമത പ്രാർത്ഥനയും മഹാദുരന്തത്തിന്‍റെ ഒന്നാം വാർഷികത്തിൽ ഒരുക്കിയിരുന്നു.

പ്രശോഭിന് ഉമ്മ നൽകിയിട്ട് ഒരു വർഷമായില്ലെ എന്ന് പറഞ്ഞ് അമ്മയുടെ കരച്ചിൽ. നിവേദിനും ധ്യാന്യം ഇഷാനും ഒന്നിച്ചുറങ്ങുന്നിടത്ത് അച്ഛനും അമ്മയും ഇന്നും മിഠായി വച്ചു.ലക്ഷ്മി അമ്മയ്ക്ക് തങ്കപ്പൻ ചേട്ടൻ മുറുക്കാൻ കൊണ്ടുവന്നു. ഭാര്യയ്ക്ക് മുൻപെ ഭർത്താവ് പോകണമെന്നും അല്ലെങ്കിൽ വലിയ സങ്കടമാണെന്നും പറഞ്ഞ്  കരഞ്ഞു.

പുത്തുമലയിലെ ഹൃദയഭൂമിയിൽ കണ്ണീരാണ്. വേദനയ്ക്ക് മരണമില്ലെന്ന ഓർമപ്പെടുത്തൽ.ഉരുൾ എടുത്ത രാത്രി കൊണ്ടു പോയ മനുഷ്യർക്ക് ഗാർഡ് ഓഫ് ഓണർ നൽകി നാടിന്‍റെ ആദരം. പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടന്നപ്പോൾ പുറത്ത് മഴ, പൊഴിച്ച കണ്ണീരിന്‍റെ ഓർമയാവണം.ഉരുൾ എടുത്ത 33 കുട്ടികളുടെ ചിത്രത്തിന് മുന്നിൽ വെള്ളാർ മല സ്കൂളിലെ അധ്യാപകർ കണ്ണീർ പൂക്കൾ അർപ്പിച്ചു.

ഹൃദയഭൂമിയിലെവിടെയും കണ്ണീരിനാല്‍ രൂപപ്പെടുന്ന സങ്കടക്കാഴ്ചകളാണ്. ഓര്‍ക്കുംതോറും വേദനയുടെ ആഴം കൂടുന്ന സങ്കടക്കാഴ്ചകള്‍..