റോഡിലെ ഓരോ കുഴികളും കൊലയാളികളാണെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ വിമർശനമുന്നയിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. റോഡിലെ ശോച്യാവസ്ഥയിലും ട്രാഫിക് നിയമ പാലനത്തിലും സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് വലിയ വാഹനങ്ങൾ റോഡിലൂടെ പായുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി
കൊച്ചി നഗരത്തിലുൾപ്പെടെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ സ്ഥിരമായി അപകടങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ വിമർശനം. സംസ്ഥാനത്തുടനീളം ഇത്തരത്തിൽ അലക്ഷ്യമായ ഡ്രൈവിങ് കാണുന്നുണ്ട്. എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് വലിയ വാഹനങ്ങൾ റോഡിലൂടെ പായുന്നത്. ഇത്തരത്തിലൊരു നിയമലംഘനം എവിടെയാണ് കാണാൻ കഴിയുന്നത്? എന്തുകൊണ്ടാണ് അവർ നിയമം അനുസരിക്കാത്തത് എന്നും കോടതി ചോദിച്ചു.
സമയക്രമം പാലിക്കാനാണ് ബസുകൾ വേഗത്തിൽ പോകുന്നതെന്ന ന്യായീകരണങ്ങളെയും കോടതി തള്ളി. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ മരണപ്പാച്ചിലിലും റോഡിലെ കുഴിയിലും പെട്ട് രണ്ട് ജീവൻ പൊലിഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. കൊച്ചിയിൽ ഈ മാസമുണ്ടായ അപകടത്തിൽ ഗോവിന്ദ് എസ്.ഷേണായ് എന്ന പതിനെട്ടുകാരനും, തൃശൂരില്‍ കഴിഞ്ഞ മാസമുണ്ടായ അപകടത്തിൽ വിഷ്ണുദത്ത് എന്ന മുപ്പതുകാരനുമാണ് മരിച്ചത്. ഈ കുടുംബങ്ങളോടൊക്കെ എന്തു പറയുമെന്നും, എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നും കോടതി ചോദിച്ചു.
റോഡിലെ കുഴിയിൽ വീണ് ഒരു ജീവനും പൊലിയരുത്. ഇനിയും അപകടങ്ങൾ ഉണ്ടാകരുതെന്നും കോടതി ഓർമ്മിപ്പിച്ചു. റോഡുകൾ മുഴുവൻ കുഴികളാണെന്ന് നിരീക്ഷിച്ച കോടതി, എഞ്ചിനീയർമാർക്ക് എന്താണ് പണി എന്നും ചോദിച്ചു. കേരളത്തിലെ മുഴുവൻ റോഡുകളും ഓഡിറ്റ് ചെയ്ത് അതിന്‍റെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. വാഹനങ്ങളുടെ മരണപ്പാച്ചിൽ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എറണാകുളത്ത് പ്രഖ്യാപിച്ചിട്ടുള്ള കർശന നടപടികൾ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാനും കോടതി നിർദേശം നൽകി