സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വെളിച്ചെണ്ണ വിലയ്ക്ക് നേരിയ കുറവ്. ക്വിന്റലിന് 200 രൂപ കുറഞ്ഞതോടെ ഒരു കിലോ വെളിച്ചെണ്ണയുടെ വില 430 രൂപയായി. കഴിഞ്ഞ ഒന്നരമാസത്തിനിടെ വിപണിയിലെ വെളിച്ചെണ്ണ വിലയുടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വെറും രണ്ടുമാസം കൊണ്ടാണ് കിലോയ്ക്ക് 240 രൂപയായിരുന്ന വെളിച്ചെണ്ണ വില 480 രൂപയിലേക്ക് കുതിച്ചു കയറിയത്. കേരളത്തിലും തമിഴ്നാട്ടിലും കൊപ്രയുടെ ഉത്പാദനം കുറഞ്ഞതാണ് വില വർധനവിന്റെ പ്രധാന കാരണം. എന്നാൽ തുടർച്ചയായി വില വർധിക്കുന്നതിനിടെയാണ് നേരിയ ആശ്വാസമായി വെളിച്ചെണ്ണ വിലയിൽ കുറവുണ്ടായത്. ക്വിന്റലിന് 200 രൂപ കുറഞ്ഞ് കിലോയ്ക്ക് 430 രൂപ എന്നതാണ് നിലവിലെ വില.
തമിഴ്നാട്ടിൽ പച്ചതേങ്ങയുടെ വിളവെടുപ്പ് തുടങ്ങിയതാണ് വിലകുറയാനുള്ള കാരണമായി വ്യാപാരികൾ പറയുന്നത്. എന്നാൽ പ്രതീക്ഷിച്ചത്ര വിളവെടുപ്പ് ഇത്തവണ ഇല്ലായെന്നതിനാൽ വീണ്ടും വില വർധനവ് പ്രതീക്ഷിക്കാം. ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 600 രൂപയ്ക്കടുത്ത് എത്തുമെന്നാണ് വിലയിരുത്തൽ.
വെളിച്ചെണ്ണ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരായ ജി.ആർ. അനിൽ, പി. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ വ്യവസായികളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ടെൻഡറിൽ വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ പങ്കെടുക്കാമെന്നും വില കുറച്ചുനൽകുന്നവർക്ക് പതിനഞ്ച് ദിവസത്തിനകം മുഴുവൻ പണവും നൽകുമെന്നുമാണ് സർക്കാർ ഉറപ്പുനൽകുന്നത്.