ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ലോകരാജ്യങ്ങൾക്ക് മുന്നിൽ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചെന്ന് ഓർത്തഡോക്സ് സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്. എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ബഹുസ്വരതയാണ് രാജ്യത്തെ ലോകത്തിന് മുന്നിൽ വേറിട്ട് നിർത്തുന്നത്. ദുർഗിൽ പൊലീസിന്റെ കൺമുന്നിൽവെച്ചാണ് മതഭ്രാന്തരുടെ ചോദ്യമുനകളാൽ രണ്ട് കന്യാസ്ത്രീകൾക്ക് മുറിവേറ്റത്.
മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഇരുവരെയും കള്ളക്കേസിൽക്കുടുക്കി ജയിലിലടച്ച നടപടിയെ സുന്നഹദോസ് അപലപിച്ചു. മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ദുരുപയോഗം രാജ്യവ്യാപകമായി നടക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഛത്തീസ്ഗഡ് സംഭവം. രാജ്യത്ത് മതനിരപേക്ഷത കടുത്ത ഭീഷണി നേരിടുകയാണെന്നും ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആരംഭിച്ച സുന്നഹദോസ് വിലയിരുത്തി.
ആദിവാസി-ദളിത് സമൂഹങ്ങൾക്കിടയിൽ സമാനതകളില്ലാത്ത മിഷൻ പ്രവർത്തനമാണ് സഭകൾ നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി നിരവധി മേഖലകളിൽ ക്രൈസ്തവ സമൂഹം ശ്രദ്ധേയമായ ദൗത്യം നിർവഹിക്കുന്നു. ഇതിനെയെല്ലാം വിദ്വേഷ മനോഭാവത്തോടെ കാണുന്നവർ ഈ രാജ്യത്തിന്റെ പുരോഗതിക്ക് തുരങ്കം വെക്കുകയാണ്. ഇത്തരം തീവ്ര മതവാദികൾക്കെതിരെ നടപടിയെടുക്കാൻ സര്‍ക്കാര്‍ തയാറാകണമെന്നും സഭ ആവശ്യപ്പെട്ടു.