പത്തനംതിട്ട അടൂരില്‍ ഭര്‍തൃപിതാവിനെ മര്‍ദിച്ചതില്‍ വീണ്ടും പ്രതികരണവുമായി മരുമകള്‍ സൗമ്യ രംഗത്ത്. തന്‍റെ അവസ്ഥയും വീട്ടിലെ അവസ്ഥയും വ്യക്തമാക്കിയാണ് സൗമ്യ മനോരമ ന്യൂസിന്‍റെ ക്യാമറയ്ക്ക് മുന്‍പിലെത്തിയത്. നിങ്ങള്‍ തേജോവധം ചെയ്യുന്നപോലുള്ള ഒരാളല്ല താനെന്നും ചെയ്ത തെറ്റിന് താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷമ ചോദിച്ചിട്ടുണ്ടെന്നും സൗമ്യ പറയുന്നു. ‘എനിക്കാരുമില്ല എന്നത് ജനങ്ങളറിയണം, എന്‍റെ കാര്യങ്ങള്‍ക്ക് ഞാന്‍ ഒറ്റയ്ക്ക് ഇറങ്ങിയേതീരൂ. എനിക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോരണം സൗമ്യ പറഞ്ഞു.
തന്‍റെ വീടിന്‍റെ അവസ്ഥയും സൗമ്യ വിഡിയോയിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. താന്‍ എല്ലാം ഒറ്റയ്ക്ക് തരണം ചെയ്താണ് ജീവിക്കുന്നതെന്നും തനിക്ക് പുറത്തിറങ്ങി ജീവിക്കണം ജോലിചെയ്യണമെന്നും സൗമ്യ പറയുന്നു. ‘ഈ വീട്ടില്‍ താമസിക്കാന്‍ പറ്റാത്ത സാഹചര്യമായതുകൊണ്ടാണ് അവിടെ എന്തു പ്രശ്നം വന്നാലും ഞാന്‍ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നത്. കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. ആ ജീവിതം എനിക്കു മുന്നോട്ടു കൊണ്ടുപോകണം. എനിക്കും ഒരു മനസുണ്ട്, എല്ലാവരും എന്നെ നാണം കെടുത്തുമ്പോള്‍ ആ മനസ് വേദനിക്കുന്നുണ്ട്’ സൗമ്യ പറഞ്ഞു.
തന്നെ ഒന്ന് മനസിലാക്കാന്‍ പോലും പറ്റാത്തയാളാണ് ഭര്‍തൃപിതാവെന്നും വിഡിയോയില്‍ സൗമ്യ പറയുന്നുണ്ട്. ‘നിനക്കാരുണ്ട് എന്നാണ് ചോദിക്കുന്നത്. എനിക്കാരുമില്ല. അത് ഈ ജനങ്ങളറിയണം. എന്‍റെ കാര്യങ്ങള്‍ക്ക് ഒറ്റയ്ക്ക് ഞാന്‍ ഇറങ്ങിയേതീരൂ’ സൗമ്യ പറഞ്ഞു നിര്‍ത്തുന്നു. നേരത്തെ അമ്മായിഅച്ഛനെ തല്ലിയത് ശല്യം സഹിക്കാന്‍ കഴിയാതെയാണെന്ന് പറഞ്ഞ് സൗമ്യ രംഗത്തെത്തിയിരുന്നു. മദ്യപിച്ചെത്തുന്ന തങ്കപ്പനില്‍ നിന്നും മര്‍ദനം ഏല്‍ക്കാറുണ്ടായിരുന്നെന്നും തന്‍റെ അമ്മയുടെ മുന്നില്‍വച്ചുപോലും മുടിക്കുത്തിന് പിടിച്ച് ഭര്‍തൃപിതാവ് നിലത്തുകൂടി വലിച്ചിഴച്ചിട്ടുണ്ടെന്നും സൗമ്യ അന്ന് പറഞ്ഞു. സഹികെട്ടപ്പോഴാണ് താന്‍ തിരിച്ച് പ്രതികരിച്ചതെന്നായിരുന്നു സൗമ്യയുടെ വെളിപ്പെടുത്തല്‍.
അടൂർ സ്വദേശി തങ്കപ്പനെ കഴിഞ്ഞ ഇരുപതാം തീയതിയാണ് മകൻ സിജുവും മരുമകൾ സൗമ്യയും മർദ്ദിച്ചത്. മകൻ പൈപ്പ് കൊണ്ടും മകന്‍റെ ഭാര്യ വടികൊണ്ടും അടിച്ചുവീഴ്ത്തി. അടികൊണ്ടു വീണ തങ്കപ്പനെ നിലത്തിട്ടും മരുമകൾ സൗമ്യ മർദ്ദിച്ചു. ഇതിന്‍റെ ദൃശ്യങ്ങളാണ് അയൽക്കാർ പകര്‍ത്തി പ്രചരിപ്പിച്ചത്. ഇതോടെ അടൂർ പൊലീസ് കേസെടുക്കുകയും ചെയ്തു. സംഭവത്തില്‍ മകനെയും മരുമകളെയും അറസ്റ്റ് ചെയ്തെങ്കിലും പക്ഷേ തങ്കപ്പൻ കോടതിയിൽ ചെന്ന് പരാതി ഇല്ലെന്ന് പറഞ്ഞതോടെ ജാമ്യം നല്‍കുകയായിരുന്നു.