മുണ്ടക്കൈ– ചൂരല്‍മല അതിജീവിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്‍റെ നിര്‍മാണം തുടങ്ങിയിട്ട് നാല് മാസം. അഞ്ച് സോണുകളിലായി 410 വീടുകളുടെ നിര്‍മാണമാണ് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ പുരോഗമിക്കുന്നത്. ഡിസംബര്‍ 31നകം നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.
മാര്‍ച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗണ്‍ഷിപ്പിന്‍റെ ശിലാസ്ഥാപനം നടത്തിയത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ അഞ്ച് സോണുകളായി തിരിച്ച് ആകെ 410 വീടുകളാണ് വിഭാവനം ചെയ്യുന്നത്. 224 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ ഇതിനകം പൂര്‍ത്തിയായി. 27 വീടുകളുടെ ഫൗണ്ടേഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ആയിരം സ്ക്വയര്‍ഫീറ്റില്‍ രണ്ട് കിടപ്പുമുറികള്‍, ഒരു സ്റ്റഡി റൂം, വര്‍ക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. മാതൃകവീടിന്‍റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ഗുണഭോക്താക്കളുടെ അഭിപ്രായം ആരായുന്നതിന് ഈ വീട് ആദ്യം പ്രദര്‍ശിപ്പിക്കും.
ആദ്യസോണില്‍ ഉള്‍പ്പെട്ട 140 വീടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍മാണ ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ലക്ഷ്യമിടുന്നത്. മഴ ശക്തമാകുന്നത് നിര്‍മാണത്തിന്‍റെ വേഗത കുറയ്ക്കുന്നുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രം, മാര്‍ക്കറ്റ് തുടങ്ങി വിപുലമായ സൗകര്യങ്ങള്‍ ടൗണ്‍ഷിപ്പിന്‍റെ ഭാഗമാണ്. ടൗണ്‍ഷിപ്പിലേക്കുള്ള റോഡ് നിര്‍മാണത്തിനുള്ള പ്രാഥമിക നടപടികളും ആരംഭിച്ചിട്ടുണ്ട്.