ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ കൂടുതൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച എന്ന് ജയിൽ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്. ജയിൽ ചാട്ടത്തിൽ ഗോവിന്ദച്ചാമിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ഉത്തരമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ ജയിൽ വകുപ്പിന്‍റെ സിസ്റ്റം മുഴുവൻ തകരാറിലായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. ആഴ്ചകൾ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികൾ മുറിച്ചത് അറിയാതിരുന്നത് പരിശോധനയുടെ കുറവാണ്. സെല്ലിനുള്ളിലേക്ക് കൂടുതൽ തുണികൾ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും ന്യായീകരിക്കാനാവില്ല. ജയിൽ ചാടിയ ദിവസം രാത്രി പരിശോധന രേഖകളിൽ ഒതുങ്ങി. രണ്ടുമണിക്കൂർ ഇടപെട്ട് സെൽ പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല. സെൽമുറിയിൽ കണ്ട ഡമ്മി ഗോവിന്ദച്ചാമി ആണെന്ന് തെറ്റിദ്ധരിച്ചത് പോലും വലിയ വീഴ്ചയാണെന്നും ഡിഐജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
അന്ന് രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാല് ജീവനക്കാരെ ഇതിനകം സസ്പെൻഡ് ചെയ്തു. എന്നാൽ ഇവരെ നിയന്ത്രിക്കേണ്ട അസിസ്റ്റൻറ് ജയിൽ സൂപ്രണ്ടിനടക്കം നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചു എന്ന ആക്ഷേപത്തെ ഉത്തരമേഖല ജയിൽ ഡിഐജി വി.ജയകുമാർ പൂർണമായും തള്ളുകയാണ്. തടവുകാരുടെയോ ഉദ്യോഗസ്ഥരുടെയോ സഹായം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയശേഷം മൂന്നു മണിക്കൂറോളം ഗോവിന്ദച്ചാമിയ്ക്ക് ജയിൽ കോമ്പൗണ്ടിൽ കഴിയേണ്ടി വന്നത്. അതേസമയം ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോർട്ട് പരിശോധിച്ച ആഭ്യന്തര വകുപ്പ് തുടർന്ന് നടപടി സ്വീകരിക്കും.