kozhikode-student

TOPICS COVERED

കോഴിക്കോട്ട് കടലില്‍ ചാടി  ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിക്ക് പൊലീസുകാര്‍ രക്ഷകരായി . പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘത്തിന്‍റെ അവസരോചിത ഇടപെടലാണ് വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിച്ചത്.  രാവിലെ പതിവ് പട്രോളിങ്ങിനിടയില്‍ സ്കൂള്‍ യൂണിഫോം ധരിച്ച പെണ്‍ക്കുട്ടി കടല്‍ ലക്ഷ്യമാക്കി കോതി  പുലിമുട്ടിലൂടെ നടന്നു നീങ്ങിയത് പന്നിയങ്കര എസ്ഐ ബാലു കെ അജിത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.   പന്തികേട് തോന്നിയ എസ്ഐ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു .പൊലീസിനെ കണ്ടതോടെ പെണ്‍കുട്ടി പരിഭ്രമിച്ച്  മുന്നോട്ട് ഓടി. എസ്ഐ ബാലുവും  ഡ്രൈവര്‍ ബിനീഷും വേഗത്തില്‍ പിന്നാലെ ഓടി. കണ്ടു നിന്ന മല്‍സ്യത്തൊഴിലാളികളും  പൊലീസിന്‍റെ പിന്നാലെ ഓടിയെത്തി. 

 ആഴമുള്ള ഭാഗത്തെത്തിയതും  പെണ്‍കുട്ടി കടിലിലേക്ക് എടുത്തു ചാടി.  രണ്ടാമതൊന്ന് ചിന്തിക്കാതെ പൊലീസുകാരും കടലിലേക്ക് ചാടി. തിരയില്‍ മുങ്ങിയ വിദ്യാര്‍ഥിനിയെ കോരിയെടുത്ത്  കരയിലെത്തിച്ചു. സ്റ്റേഷനിലെത്തിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ശ്രമത്തിന്‍റെ കാരണം വ്യക്തമാക്കി. കുടുംബപ്രശ്നങ്ങള്‍ താങ്ങാനാകാതെയാണ് ജീവിതം അവസാനിപ്പിക്കാന്‍  തീരുമാനിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.  വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിശദമായി സംസാരിച്ച ശേഷം പൊലീസ് ഇടപെട്ട് കുട്ടിയ കൗണ്‍സിലിങ്ങിന് അയച്ചു.

 കൃത്യസമയം ഇടപെടാന്‍ കഴിഞ്ഞത് ഒരു നിമിത്തമായി കാണുനെന്നും ജീവന്‍ രക്ഷിക്കാനായതില്‍ ആശ്വാസമെന്നും എസ്ഐ ബാലു കെ അജിത്ത് പറഞ്ഞു. 

ENGLISH SUMMARY:

A schoolgirl who attempted to end her life by jumping into the sea in Kozhikode was saved by the timely intervention of the police. The girl, dressed in school uniform, was noticed by Panniyankara SI Balu K Ajith while she was walking along the Pulimuttu toward the sea during a routine morning patrol. The police's quick response helped prevent a potential tragedy.