യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് സാമുവല്‍ ജെറോം. താന്‍ ജയില്‍ അധികാരികളുമായും പൊതുമാപ്പ് ഓഫിസിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പരിശോധിച്ചിട്ടുണ്ടെന്നും നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി ശിക്ഷ നടപ്പാക്കുവാന്‍ സര്‍ക്കാരിനോട് ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ടെന്നും സാമുവല്‍ ജെറോം വ്യക്തമാക്കി.
തലാലിന്‍റെ കുടുംബത്തിനും യെമന്‍റെ ജനതയ്ക്കും അര്‍ഹമായ മാന്യത നല്‍കണമെന്ന് താന്‍ പലതവണ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുള്ളതാണെന്നും എന്നാല്‍ ഈ അഭ്യര്‍ത്ഥനകള്‍ ആരും ചെവിക്കൊണ്ടില്ലെന്നും സാമുവല്‍ ജെറോം പോസ്റ്റില്‍ പറയുന്നു. ഇത് ഒരു വിനോദവിഷയം അല്ല. ഇരയുടെ കുടുംബത്തിന്‍റെ ശബ്ദം കേള്‍ക്കപ്പെടുകയും മാന്യമായി പരിഗണിക്കപ്പെടുകയും വേണം, സാമുവല്‍ ജെറോം കുറിച്ചു. ALSO READ: തലാലിന്‍റെ രക്തം വിലപേശാനുള്ളതല്ല; ഒരു പരിഗണനയുമില്ല: തലാലിന്‍റെ സഹോദരന്‍ ...
അതേസമയം, വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തലാലിന്‍റെ സഹോദരന്‍ വീണ്ടും രംഗത്തെത്തി. കുറ്റകൃത്യത്തിന് വീരപരിവേഷം നൽകി, അതിവൈകാരികത വളർത്തി, സത്യത്തെ തച്ചുടച്ചു കൊണ്ടുള്ള പ്രചരണങ്ങള്‍ക്ക് ഇന്ത്യൻ മാധ്യമങ്ങൾ വാതിൽ തുറന്നുകൊടുക്കുന്നു എന്ന് അബ്ദുള്‍ ഫത്താഹ് മെഹ്ദി ആരോപിച്ചു. കാരുണ്യത്തിന്‍റെ പേരിൽ ചില ‘അഡ്വക്കേറ്റുമാർ’ നമ്മുടെ ചെലവിൽ വിജയികളാകാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ പറയുന്നു. തെളിയിക്കപ്പെട്ട കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് തടയാൻ മതത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും പേരില്‍ ശ്രമിക്കുന്നതുകൊണ്ട് എന്ത് നേട്ടമാണ് അവർക്ക് ലഭിക്കുന്നതെന്നും അബ്ദുള്‍ ഫത്താഹ് മെഹ്ദി ചോദിക്കുന്നു. മതത്തോടും സത്യത്തോടും സ്വയം ചേർത്ത് നിർത്തുന്നവരാണിവര്‍ എന്നതാണ് മനസ്സിലാക്കാൻ കഴിയാത്തതും പൊറുക്കാൻ കഴിയാത്തതുമായ കാര്യമെന്നും പോസ്റ്റില്‍ പറയുന്നു.
തലാലിന്‍റെ രക്തം വിലപേശൽ ചന്തയിലെ ഒരു ഉൽപ്പന്നമല്ല എന്നുപറഞ്ഞാണ് സഹോദരന്‍ പോസ്റ്റ് അവസാനിപ്പിച്ചത്. മതത്തിന്‍റെ പേരിലോ വ്യക്തിപരമായ താൽപ്പര്യങ്ങളുടെ പേരിലോ ഒരു പരിഗണനയും ലഭിക്കില്ല. ഒരു തീരുമാനമുണ്ടെങ്കിൽ അത് ഞങ്ങൾ എടുക്കും മതത്തിന്‍റെയും കാരുണ്യത്തിന്‍റെയും പേരിൽ ആരും വിലപേശൽ നടത്താൻ വരേണ്ടെന്നും അബ്ദുള്‍ ഫത്താഹ് മെഹ്ദി പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് വിവരം ലഭിച്ചതായി കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ ഓഫീസാണ് അറിയിച്ചത്. മോചനത്തിനായി ചര്‍ച്ചകള്‍ തുടരുമെന്നും അറിയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം തലാലിന്‍റെ സഹോദരന്‍ മറ്റൊരു പോസ്റ്റിലൂടെ തള്ളിയിട്ടുണ്ട്. ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിക്കപ്പെടുന്നതായി ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അത് പൂർണ്ണമായും തെറ്റായ വിവരമാണെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. യമനിലെ ഭരണഘടനയും നീതിവ്യവസ്ഥയും ഇസ്‌ലാമിക ശരീഅത്തിനെ അടിസ്ഥാനമാക്കുന്നതാണ്. അതിനാൽ തന്നെ, കോടതി കൊലയാളിക്ക് വിധിച്ച ശിക്ഷയെ മാനിക്കേണ്ടത് ഒരു കർമ്മബദ്ധതയാണ്, അതിൽ അലംഭാവം കാണിക്കാനാകില്ലെന്നും പോസ്റ്റില് പറയുന്നു.