nimisha-priya-thalal-n

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി തലാലിന്‍റെ സഹോദരന്‍ വീണ്ടും. കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദിയാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അബ്ദുള്‍ ഫത്താഹ് മെഹ്ദിയുടെ പ്രതികരണം. സത്യത്തെ വളച്ചൊടിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യന്‍ മാധ്യമങ്ങളെയും അബ്ദുള്‍ ഫത്താഹ് മെഹ്ദി തന്‍റെ കുറിപ്പിലൂടെ വിമര്‍ശിക്കുന്നുണ്ട്.

ഒരു കുറ്റകൃത്യത്തിന് വീരപരിവേഷം നൽകി, അതിവൈകാരികത വളർത്തി, സത്യത്തെ തച്ചുടച്ചു കൊണ്ടുള്ള പ്രചരണങ്ങള്‍ക്ക് ഇന്ത്യൻ മാധ്യമങ്ങൾ വാതിൽ തുറന്നുകൊടുക്കുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്. സത്യത്തെ വളച്ചൊടിക്കുന്ന മാധ്യമരീതിയാണിതെന്നും അസത്യത്തിന്റെ കച്ചവടമാണിതെന്നും അബ്ദുള്‍ ഫത്താഹ് മെഹ്ദി വിമര്‍ശിക്കുന്നു. കാരുണ്യത്തിന്റെ പേരിൽ ചില ‘അഡ്വക്കേറ്റുമാർ’ നമ്മുടെ ചെലവിൽ വിജയികളാകാന്‍ ശ്രമിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. ഒരു മനുഷ്യനെ ക്രൂരമായി കൊലചെയ്യുകയും ശരീരം വെട്ടിമുറിക്കുകയും ചെയ്തതിന്‍റെ വിലയാണിത്. പോസ്റ്റ് വായിക്കുന്നു. 

തെളിയിക്കപ്പെട്ട കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് തടയാൻ മതത്തിന്റെയും മനുഷ്യത്വത്തിന്റെയും ശ്രമിക്കുന്നതുകൊണ്ട് എന്ത് നേട്ടമാണ് അവർക്ക് ലഭിക്കുന്നതെന്നും പോസ്റ്റില്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി ചോദിക്കുന്നു. മതത്തോടും സത്യത്തോടും സ്വയം ചേർത്ത് നിർത്തുന്നവരാണിവര്‍ എന്നതാണ് മനസ്സിലാക്കാൻ കഴിയാത്തതും പൊറുക്കാൻ കഴിയാത്തതുമായ കാര്യമെന്നും പോസ്റ്റില്‍ പറയുന്നു.

നിമിഷപ്രിയക്ക് വേണ്ടി യെമനിൽ ഇടപെട്ട ഇസ്‌ലാം പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമർ ബിൻ ഹാഫീസിനോട് താങ്കൾ ആരുമായാണ് തലാലിന്‍റെ രക്തത്തെക്കുറിച്ച് ചര്‍ച്ചചെയ്തതെന്നും പോസ്റ്റിലൂടെ അബ്ദുള്‍ ഫത്താഹ് മെഹ്ദി ചോദിക്കുന്നു. ഇതൊരു ഒത്തുതീർപ്പിന്റെ കാര്യമാണെങ്കിൽ സത്യം ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തട്ടെ എന്നു പറയുന്ന അദ്ദേഹം മാതാപിതാക്കളെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശവാദങ്ങൾ ഉണ്ടെങ്കിലും ആരാണ് അവരെ ചുമതലപ്പെടുത്തിയതെന്നും ചോദിക്കുന്നു.

തലാലിന്‍റെ രക്തം വിലപേശൽ ചന്തയിലെ ഒരു ഉൽപ്പന്നമല്ല എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. മതത്തിന്റെ പേരിലോ വ്യക്തിപരമായ താൽപ്പര്യങ്ങളുടെ പേരിലോ ഒരു പരിഗണനയും ലഭിക്കില്ല. ഒരു തീരുമാനമുണ്ടെങ്കിൽ അത് ഞങ്ങൾ എടുക്കും മതത്തിന്റെയും കാരുണ്യത്തിന്റെയും പേരിൽ ആരും വിലപേശൽ നടത്താൻ വരേണ്ടെന്നും അബ്ദുള്‍ ഫത്താഹ് മെഹ്ദി പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. 

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് വിവരം ലഭിച്ചതായി കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ ഓഫീസാണ് അറിയിച്ചത്. മോചനത്തിനായി ചര്‍ച്ചകള്‍ തുടരുമെന്നും അറിയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം തലാലിന്‍റെ സഹോദരന്‍ മറ്റൊരു പോസ്റ്റിലൂടെ തള്ളിയിട്ടുണ്ട്. ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിക്കപ്പെടുന്നതായി ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അത് പൂർണ്ണമായും തെറ്റായ വിവരമാണെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. യമനിലെ ഭരണഘടനയും നീതിവ്യവസ്ഥയും ഇസ്‌ലാമിക ശരീഅത്തിനെ അടിസ്ഥാനമാക്കുന്നതാണ്. അതിനാൽ തന്നെ, കോടതി കൊലയാളിക്ക് വിധിച്ച ശിക്ഷയെ മാനിക്കേണ്ടത് ഒരു കർമ്മബദ്ധതയാണ്, അതിൽ അലംഭാവം കാണിക്കാനാകില്ലെന്നും പോസ്റ്റില്‌ പറയുന്നു.

ENGLISH SUMMARY:

Abdul Fattah Mehdi, brother of murdered Yemeni national Talal Abdul Mehdi, has denied reports suggesting that Indian nurse Nimisha Priya's death sentence was revoked. In a strongly worded social media post, he accused Indian media of distorting facts and promoting a false emotional narrative. He stated that glorifying a convicted killer under the guise of compassion undermines the principles of justice. Fattah criticized religious mediators and questioned their authority to speak on behalf of his family. He asserted that Talal’s blood is not a bargaining chip for negotiations or religious diplomacy. Yemen’s courts follow Islamic Sharia law, and the family insists that the sentence must be respected without interference.