ഇരുപത്തിമൂന്നു പേരുമായി പോയ വള്ളം കോട്ടയം ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം വേമ്പനാട്ട് കായലിൽ മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന ഇരുപത്തിരണ്ടു പേരെയും രക്ഷപ്പെടുത്തി. കാണാതായ പാണാവള്ളി സ്വദേശി കണ്ണനായി തിരച്ചിൽ തുടരുന്നു. കക്ക വാരുന്നവരും മറ്റു വള്ളക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശക്തമായ കാറ്റാണ് വള്ളം മറിയാൻ കാരണമാണ് വള്ളം നിയന്ത്രിച്ച ബൈജു മനോരമ ന്യൂസിനോട് പറഞ്ഞു.
കാട്ടിക്കുന്നിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിലേക്ക് പോവുകയായിരുന്ന വള്ളമാണ് മുങ്ങിയത്. 23 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കക്ക വാരുന്നവരും മറ്റു വള്ളക്കാരും പെട്ടെന്നെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നീന്തി രക്ഷപ്പെടാൻ ശ്രമിച്ച പാണാവള്ളി സ്വദേശി കണ്ണനെയാണ് കാണാതായത്. സ്ത്രീകൾ ഉൾപ്പെടെ മുങ്ങിയ വള്ളത്തിൽ പിടിച്ചു കിടന്നു. നിലവിളി ശബ്ദം കേട്ടാണ് കരയിലുള്ളവർ വള്ളവുമായി എത്തിയത്.
അതിശക്തമായ കാറ്റാണ് പ്രശ്നമായതെന്ന് വള്ളം നിയന്ത്രിച്ചിരുന്ന ബൈജു. സാധാരണ ഇത്രയും ആളുകളുമായിട്ട് യാത്ര പോകുന്ന വള്ളമാണെന്നും ബൈജു പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നു പേരെ ആശുപത്രിയിലാക്കി. മുങ്ങിയ വള്ളം കിലോമീറ്ററുകൾ അകലെ ആലപ്പുഴ ജില്ലയിലെ പെരുമ്പളത്ത് നിന്നാണ് കണ്ടെത്തിയത്. കായലും പുഴയും വള്ളവുമൊക്കെയായി ഇഴചേർന്ന് കഴിയുന്നവരാണ് എല്ലാവരും. മനോധൈര്യം കൈവിടാതെ എല്ലാവരും ഒന്നിച്ചു നിന്നത് ആശ്വാസമായി.