ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ സഭാ നേതൃത്വങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധവും വിമർശനവും ഉയർന്നു. രാജ്യത്ത് ക്രൈസ്തവർ ഭയത്തിലാണെന്ന് സിബിസിഐ പ്രസിഡന്റ് മാർ ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചു. കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്നും അറസ്റ്റ് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയ്ക്ക് എതിരായ പ്രവർത്തനമാണിതെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും സിബിസിഐ ചൂണ്ടിക്കാട്ടി. തീവ്ര ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്നും ഭരിക്കുന്നവരോട് തങ്ങളുടെ വേദന അറിയിക്കുമെന്നും മാർ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.
കന്യാസ്ത്രീമാരുടെ അറസ്റ്റിൽ ബിജെപിക്കെതിരെ രൂക്ഷമായ വിമർശനമാണ് സിറോ മലബാർ സഭ ഉന്നയിച്ചത്. "കേരളത്തിൽ കേക്ക് നോർത്തിൽ കൈവിലങ്ങ്" എന്നതാണ് ബിജെപിയുടെ നയമെന്നും ഇത് വിരോധാഭാസമാണെന്നും സിറോമലബാർ സഭ പിആർഒ ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലായി 4316 അക്രമങ്ങളാണ് ക്രൈസ്തവർക്കെതിരെ ഉണ്ടായതെന്നും നീതിക്കായി ഏതറ്റം വരെയും പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കന്യാസ്ത്രീമാരുടെ അറസ്റ്റിനെതിരെ ഓർത്തഡോക്സ് സഭയും ശക്തമായി പ്രതികരിച്ചു. "കേരളത്തിൽ പ്രീണനം, പുറത്ത് പീഡനം" എന്നതാണ് നിലപാടെന്ന് അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മൻ കുറ്റപ്പെടുത്തി. തീവ്രസ്വഭാവമുള്ള സംഘടനകളാണ് ഇതിന് പിന്നിലെന്നും ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സഭാനേതൃത്വങ്ങളെ വിമർശിച്ച് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത രംഗത്തെത്തി. "എന്തിനാ പ്രതിഷേധിക്കുന്നേ, അടുത്ത പെരുന്നാളിന് ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച് ആദരിച്ചാൽ പോരെ" എന്ന് മാർ മിലിത്തിയോസ് മെത്രാപ്പൊലീത്ത ചോദിച്ചു.
അതിനിടെ കന്യാസ്ത്രീകളുടെ ജയിൽവാസം നീളുമെന്ന് സൂചന. ജാമ്യാപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സർക്കാരിന്റെ സംരക്ഷണത്തിലുള്ള യുവതികൾ കേസിൽ മൊഴി മാറ്റാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യ എഫ്.ഐ.ആറിൽ മനുഷ്യക്കടത്ത് കുറ്റം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മതപരിവർത്തനക്കുറ്റം കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് സി.ബി.സി.ഐ വ്യക്തമാക്കി. ആദ്യ എഫ്.ഐ.ആറിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
അറസ്റ്റില്‍ പരസ്യമായി സഭ നേതൃത്വംതന്നെ രംഗത്തെത്തിയതോടെ ബിജെപി പ്രതിരോധത്തിലായി. വരും ദിവസങ്ങളില്‍ വിഷയം കൂടുതല്‍ സജീവമാകുമെന്നതിനാല്‍ കേന്ദ്രം എങ്ങനെ വിഷയം കൈകാര്യം ചെയ്യുമെന്നതാണ് ഇനി അറിയേണ്ടത്