മഴയും വെള്ളക്കെട്ടും മൂലം കുട്ടനാട് താലൂക്കിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കോട്ടയത്തും രണ്ട് സ്കൂളുകള്‍ക്ക് അവധി. ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് അവധി.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്ന് എട്ടുമരണം. പത്തനംതിട്ട കോയിപ്രം നെല്ലിക്കല്‍ പുഞ്ചയില്‍ വള്ളംമറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. നാല്‍ക്കാലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ മാട്ടൂല്‍ചാല്‍ കടപ്പുറത്ത് 30 വയസ്സ് തോന്നിക്കുന്ന യുവാവിന്‍റെ മൃതദേഹംകണ്ടെത്തിയത്. ഇന്നലെ പാലക്കോട് പുഴയില്‍ കാണാതായ ഏബ്രഹാമിന്‍റേതാണ് മൃതദേഹമെന്നാണ് സംശയം. തിരുനെല്ലി കോളിതാര്‍ ഉന്നതിയിലെ സജി വയനാട് പനവല്ലി പുഴയില്‍ മുങ്ങിമരിച്ചു. ഇടുക്കിയില്‍ തോട്ടില്‍ വീണ അതിഥിത്തൊഴിലാളി പശ്ചിമബംഗാളുകാരന്‍ രാജു സാഹു മരിച്ചു.
കോഴിക്കോട് കല്ലായിയില്‍ കാപ്പാട് സ്വദേശി 18കാരന്‍ അഹമ്മദ് റബ്ബ കുളത്തില്‍ മുങ്ങിമരിച്ചു. മലപ്പുറം വേങ്ങരയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പതിനെട്ടുകാരന്‍ ഷോക്കേറ്റു മരിച്ചു. താഴ്ന്നു കിടന്ന വൈദ്യുതിലൈനില്‍നിന്നാണ് അച്ചനമ്പലം സ്വദേശി അബ്ദുൽ വദൂത്തിന് ഷോക്കേറ്റത്. പാലക്കാട് കൊടുമ്പില്‍ പാടത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കര്‍ഷകനായ മാരിമുത്തു മരിച്ചു.
സംസ്ഥാനത്ത് പഴക്കെ മഴ തുടരുന്നു. ഇടുക്കി , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം , തൃശൂര്‍ , കോഴിക്കോട് , വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി വരും മണിക്കൂറുകളില്‍ കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ കോഴിക്കോട് , വയനാട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.