rain-north-kerala

TOPICS COVERED

വടക്കൻ കേരളത്തിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോഴിക്കോട് വിവിധയിടങ്ങളിൽ മരം വീണ് വീടുകൾ തകർന്നു. വയനാട്ടിൽ നദികളിലെ ജലനിരപ്പ് ഉയർന്ന് വീടുകളിൽ വെള്ളം കയറി.

ശക്തമായ മഴയ്ക്കാപ്പം വീശി അടിക്കുന്ന കാറ്റാണ് വടക്കൻ കേരളത്തിൽ നാശം വിതച്ചത്.കോഴിക്കോട് വിലങ്ങാട് കുറ്റ്യാടി മേഖലകളിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു. വൈദ്യുതി ബന്ധം താറുമാറായി.താമരശ്ശേരി ചുരത്തിൽ മരവും , കല്ലും വീണ് ഗതാഗതം തടസ്സപ്പെട്ടു.അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ചു.

ഗോതീശ്വരം ബീച്ചിലേക്കുള്ള റോഡ് കടലാക്രമണത്തിൽ തകർന്നു കൊയിലാണ്ടിയിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വയനാട് കല്ലൂര്‍പുഴയും തലപ്പുഴയും കരകവിഞ്ഞു. കല്ലൂര്‍പുഴയുടെ സമീപത്തെ ഉന്നതികളിലേയ്ക്ക് വെള്ളം കയറി. ബത്തേരി കല്ലുമുക്കില്‍ വീടിന് മുകളില്‍ തെങ്ങ് വീണു. കണ്ണൂർ പയ്യന്നൂരിൽ കണ്ടോത്ത് ശ്രീ കൂർമ്പ ക്ഷേത്രത്തിൻ്റെ നടപ്പന്തൽ ആൽമരം വീണ് ഭാഗികമായി തകർന്നു. തലശ്ശേരി പെരിങ്കളത്ത് റോഡിൽ മരം കടപുഴകി വീണു. ഗതാഗതം തടസ്സപ്പെട്ടു.മഴയുടെ ശക്തി കുറഞ്ഞതിനെത്തുടർന്ന് ബാവലി, കക്കുവ പുഴകളിലെ ജലനിരപ്പ് താഴ്ന്നു. വീടുകളിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി.

പാലക്കാട് പോത്തുണ്ടി പുഴ കരകവിഞ്ഞു.ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ നെല്ലിയാമ്പതിയിലേക്ക് പ്രവേശനം നിരോധിച്ചു.. 33 kv ടവറുകൾ മരം വീണ് തകർന്നതിനാൽ അട്ടപ്പാടിയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല. ചിറ്റൂർപുഴ കരകവിഞ്ഞതോടെ പറളി ഒടവന്നൂർ നിലംപതി പാലം വെള്ളത്തിനടിയിലായി. നിലമ്പൂരില്‍ വീടിന് മുകളിലേക്ക് തേക്ക് മരം വീണു. പോത്തുണ്ടി മുടപ്പല്ലൂര്‍ കരിപ്പാലില്‍ പാലം മുങ്ങി. വരും മണിക്കൂറിലും ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് കലാവസ്ഥ മുന്നറിയിപ്പ്

ENGLISH SUMMARY:

Heavy rain and strong winds have caused widespread damage in northern Kerala. In Kozhikode, trees fell on houses, causing structural damage. In Wayanad, rising river levels led to flooding in several homes.