munnar-rain

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മൂന്നാറില്‍ മണ്ണിടിഞ്ഞ് ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നാര്‍ ലക്ഷം നഗര്‍ സ്വദേശി ഗണേശനാണ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപത്തായാണ് അപകടമുണ്ടായത്. ഇടുക്കിയിലെ മറ്റിടങ്ങളില്‍ രാത്രി മുതൽ മഴ മാറി നിൽക്കുകയാണ്. മറ്റെങ്ങും നാശനഷ്ടങ്ങൾ ഇല്ല. ജാഗ്രത നിർദേശം തുടരുന്നു. തൊടുപുഴയാറിൽ ജലനിരപ്പ്ഉയരുന്ന സാഹചര്യത്തിൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. മുല്ലപ്പെരിയാർ ജലനിരപ്പ് 133. 94 അടിയായി 

Also Read: സംസ്ഥാനത്ത് പെരുമഴ മുന്നറിയിപ്പ്; ശക്തമായ കാറ്റും വീശിയേക്കാം; 9 ജില്ലകളില്‍ യെലോ അലര്‍ട്ട്


സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. ഒൻപതു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി മുതൽ കാസർകോടു വരെ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ മിതമായ മഴ ലഭിക്കും. ആലപ്പുഴ മുതൽ കാസർകോടു വരെയുള്ള ജില്ലകളുടെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ഇന്നു മുതൽ മഴയുടെ തീവ്രത കുറയാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്ത തോരാമഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പറവൂർ, കൊച്ചി എന്നിവിടങ്ങളിലാണ് ക്യാംപുള്ളത്‌. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ മലയോര മേഖലയിൽ രാത്രി യാത്രാനിരോധനം ഉണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രതാ നിർദ്ദേശവും നിലനിൽക്കുന്നുണ്ട്. ജില്ലയിൽ 19 വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. 

ആലപ്പുഴയിൽ മഴക്കെടുതികൾ ശക്തം. കിഴക്കൻ വെള്ളം വന്നു തുടങ്ങിയതോടെ കുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് അപകട നിലയ്ക്ക് ഒപ്പമെത്തി. താഴ്ന്നയിടങ്ങളിലെല്ലാം വെള്ളം കയറി. ഗ്രാമീണ റോഡുകൾ തകർന്നു. ഹരിപ്പാടിന്റെ കിഴക്കൻ മേഖല, ചെറുതന, വീയപുരം എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. 

കണ്ണൂര്‍ ബാവലിപ്പുഴയില്‍ ശക്തമായ ഒഴുക്ക്. കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടിയെന്ന് സംശയം. കക്കുവ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന്, 32 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആറളം ഫാമിലും വെള്ളംകയറി. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പഴശി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വളപട്ടണം പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. കണ്ണൂര്‍ ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനവും വിലക്കി

ENGLISH SUMMARY:

Munnar landslide tragically claimed one life as a lorry overturned, amidst ongoing heavy rains across Kerala. Mullaperiyar dam water level has reached 133.94 feet, prompting yellow alerts in nine districts and causing widespread flooding and waterlogging in Idukki, Ernakulam, Alappuzha, and Kannur.