ഇടുക്കി മുതല്‍ കാസര്‍കോട് വരെ ശക്തമായ മഴ ലഭിച്ചേക്കും
മലയോര മേഖലകളിലേക്ക് യാത്ര അരുത്
മല്‍സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാനിര്‍ദേശം
സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. ഒൻപതു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി മുതൽ കാസർകോടു വരെ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ മിതമായ മഴ ലഭിക്കും. ആലപ്പുഴ മുതൽ കാസർകോടു വരെയുള്ള ജില്ലകളുടെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ഇന്നു മുതൽ മഴയുടെ തീവ്രത കുറയാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്ത തോരാമഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പറവൂർ, കൊച്ചി എന്നിവിടങ്ങളിലാണ് ക്യാംപുള്ളത്. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ മലയോര മേഖലയിൽ രാത്രി യാത്രാനിരോധനം ഉണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രതാ നിർദ്ദേശവും നിലനിൽക്കുന്നുണ്ട്. ജില്ലയിൽ 19 വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
ആലപ്പുഴയിൽ മഴക്കെടുതികൾ ശക്തം. കിഴക്കൻ വെള്ളം വന്നു തുടങ്ങിയതോടെ കുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് അപകട നിലയ്ക്ക് ഒപ്പമെത്തി. താഴ്ന്നയിടങ്ങളിലെല്ലാം വെള്ളം കയറി. ഗ്രാമീണ റോഡുകൾ തകർന്നു. ഹരിപ്പാടിന്റെ കിഴക്കൻ മേഖല, ചെറുതന, വീയപുരം എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി.
പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേക്കാം
വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
ENGLISH SUMMARY:
Kerala braces for heavy rain and strong winds with Yellow Alert in 9 districts. IMD forecasts widespread moderate to heavy showers, high waves, and winds up to 50 km/h. Stay updated on Kerala weather.