സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്ന് എട്ടുമരണം. പത്തനംതിട്ട കോയിപ്രം നെല്ലിക്കല്‍ പുഞ്ചയില്‍ വള്ളംമറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. നാല്‍ക്കാലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.
കണ്ണൂര്‍ മാട്ടൂല്‍ചാല്‍ കടപ്പുറത്ത് 30 വയസ്സ് തോന്നിക്കുന്ന യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്നലെ കാണാതായ ഏബ്രഹാമിന്‍റേതാണ് മൃതദേഹമെന്നാണ് സംശയം. പാലക്കോട് പുഴയില്‍ മീന്‍പിടിക്കുന്നതിനിടെയാണ് കാണാതായത്. തിരുനെല്ലി കോളിതാര്‍ ഉന്നതിയിലെ സജി ആണ് വയനാട് പനവല്ലി പുഴയില്‍ മുങ്ങിമരിച്ചത്. ഇടുക്കിയില്‍ തോട്ടില്‍ വീണ അതിഥിത്തൊഴിലാളി പശ്ചിമബംഗാളുകാരന്‍ രാജു സാഹു മരിച്ചു.
കോഴിക്കോട് കല്ലായി പൊക്കാവ് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാപ്പാട് സ്വദേശിയായ 18കാരൻ അഹമ്മദ് റബ്ബയാണ് മരിച്ചത്. സുഹൃത്തിനൊപ്പം നീന്തുന്നതിനിടെ അഹമ്മദ് റബ്ബ മുങ്ങി താഴുകയായിരുന്നു. മീഞ്ചന്ത അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് അഹമ്മദ് റബ്ബയെ കുളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം വേങ്ങരയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പതിനെട്ടുകാരന്‍ ഷോക്കേറ്റു മരിച്ചു. താഴ്ന്നു കിടന്ന വൈദ്യുതിലൈനില്‍നിന്നാണ് അച്ചനമ്പലം സ്വദേശി അബ്ദുൽ വദൂത്തിന് ഷോക്കേറ്റത്. പാലക്കാട് കൊടുമ്പില്‍ പാടത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കര്‍ഷകനായ മാരിമുത്തു മരിച്ചു.