എഴുപത്തിയഞ്ച് വര്‍ഷത്തോളമായി മലയാളി വായനാലോകം നെഞ്ചോട് ചേര്‍ത്ത ആനക്കഥ കൊങ്കണി സാഹിത്യലോകത്ത് ചര്‍ച്ചയാവുകയാണ്. അതും പരിഭാഷ പുറത്തിറങ്ങി രണ്ടു പതിറ്റാണ്ടാകുമ്പോള്‍. ആ ആനക്കഥയുടെ സ്രഷ്ടാവായ വിഖ്യാത എഴുത്തുകാരന്‍റെ ഭാഷയുടെ മാന്ത്രികത കൊങ്കണിയിലേയ്ക്ക് മൊഴിമാറ്റുക വലിയ വെല്ലുവിളിയായിരുന്നു.
കുഞ്ഞുതാച്ചുമ്മയെയും കുഞ്ഞുപാത്തുമ്മയെയും അവരുടെ ആനപ്പെരുമയെയും കേന്ദ്രസാഹിത്യ അക്കാദമിയാണ് കൊങ്കണിയിലെത്തിച്ചത്. മൊഞ്ചുള്ള മൈലാഞ്ചി മലയാളത്തില്‍ നിന്ന് ദേവനാഗരി വര മൊഴിയിലേക്ക് മാറ്റിയത് ആര്‍.എസ് ഭാസ്കര്‍. വെളിച്ചത്തിന് എന്ത് വെളിച്ചവും അണ്ഡകടാഹവും അടക്കം ബഷീറിയന്‍ ശൈലി പരിഭാഷപ്പെടുത്തുക ഇമ്മിണിബല്യ പണിയായിരുന്നു.
നാവൊന്നടക്കാന്‍ ഭര്‍ത്താവ് പറയുമ്പോള്‍ ഇല്ലേല് മൂക്കി വലിച്ചുകേറ്റുവോ എന്ന് നെഞ്ചുവിരിച്ചു ചോദിക്കുന്ന താച്ചുമ്മയുടെ പെണ്‍വീറ് പരിഭാഷപ്പെടുത്തിയതിന് ഭാസ്കറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. കൊങ്കണിയിലെ മൗലിക രചനയ്ക്ക് പിന്നെയും കിട്ടി കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം. പക്ഷെ, കേരള സര്‍ക്കാര്‍ ഭാസ്ക്കറിനെ അവഗണിച്ചു. 1951ല്‍ പുറത്തിറങ്ങിയ ആനപ്പെരുമ ഭാഷയുടെ അതിരുകള്‍ താണ്ടി തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.