ചരിത്രമുറങ്ങുന്ന ഒരു പുസ്തകശാലയുണ്ട് ഡൽഹിയിൽ. ഖാൻ മാർക്കറ്റിലെ ഫക്കീർ ചന്ദ് ബുക്ക് സ്റ്റോർ. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പുസ്തകശാലകളിലൊന്ന് കണ്ടുവരാം. പുറത്തുനിന്ന് നോക്കിയാൽ ചെടികൾ നിറഞ്ഞ ഒരു കെട്ടിട്ടം. ചെടികൾക്കിടയിലൂടെ വായിക്കാം. ഫക്കീർ ചന്ദ് ബുക്ക് സ്റ്റോർ, സ്ഥാപിതം 1951.
ഇവിടെ കിട്ടാത്ത പുസ്തകങ്ങൾ ഡൽഹിയിൽ മറ്റൊരിടത്തും ലഭിക്കില്ലെന്ന് ആളുകള്‍ പറയുന്ന ഫക്കീർ ചന്ദ് ബുക്ക് സ്റ്റോറിൽ എപ്പോഴും തിരക്കാണ്. ചരിത്രം ഏറെ പറയാനുണ്ട് ഈ ബുക്ക് സ്റ്റോറിന്. 1931ൽ പാക്കിസ്ഥാനിലെ പെഷാവറിലാണ് ആദ്യ പുസ്തകശാല ഫക്കീർ ചന്ദ് തുടങ്ങിയത്. ഇന്ത്യ - പാക് വിഭജനത്തിനുശേഷം 1951ൽ ഖാൻ മാർക്കറ്റിൽ ഫക്കീർ ചന്ദ് ബുക്ക് സ്റ്റോർ തുറന്നു. ഫക്കീർ ചന്ദിന്റെ കുടുംബത്തിലെ നാലാം തലമുറക്കാരനായ അഭിനവ് ഭാമിയാണ് ഇന്ന് ബുക്ക് സ്റ്റോർ നോക്കി നടത്തുന്നത്.
ഒരുതവണ വന്നാൽ വീണ്ടും വരും. അറിഞ്ഞുകേട്ട് എത്തുന്നവരും നിരവധി. ഒട്ടനവധി ഫോട്ടോ പോയിന്‍റുകളും ഇവിടെയുണ്ട്. ബില്ല് അടിക്കാൻ പോലും കംപ്യുട്ടറിന് ഇവിടെ സ്ഥാനമില്ല. എവിടെ നോക്കിയാലും അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ മാത്രം.