സംസ്ഥാനത്തെ ജയിലുകളില്‍ ജോലിക്ക് ആളെകിട്ടാനില്ലാത്ത അവസ്ഥ. അഞ്ച് വര്‍ഷത്തിനിടെ ജോലി നിര്‍ത്തിപ്പോയത് നാല്‍പ്പതിലേറെപ്പേര്‍. ജോലി അന്തരീക്ഷം മെച്ചപ്പെടാത്തതും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുമാണ് കൊഴിഞ്ഞുപോക്കിന് കാരണമെന്ന് മുന്‍ ജയില്‍ ഡി.ഐ.ജി. എസ്.സന്തോഷ് മനോരമ ന്യൂസിനോട് പറഞ്ഞു. ജയില്‍ സുരക്ഷയിലെ വീഴ്ചക്ക് ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും കാരണമാകുന്നു.
ഗോവിന്ദച്ചാമിമാരും കൊടി സുനിമാരുമൊക്കെ അരങ്ങ് വാഴുന്ന കേരളത്തിലെ ജയിലകം. അവിടെ ജോലി ചെയ്യാന്‍ യുവാക്കള്‍ക്ക് താല്‍പര്യമില്ല. അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍, അസിസ്റ്റന്‍റ് സൂപ്രണ്ട് എന്നീ തസ്തികകളിലാണ് ജയില്‍ വകുപ്പില്‍ നിയമനങ്ങള്‍. എല്ലാവര്‍ഷവും ഒഴിവനുസരിച്ച് പി.എസ്.സി വഴി നിയമനം നടത്തുന്നുണ്ടെങ്കിലും നിയമനം കിട്ടുന്ന പലരും ഒന്നോ രണ്ടോ വര്‍ഷം ജോലി ചെയ്ത ശേഷം മതിയാക്കുകയാണ്. 38 അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍മാരും 6 അസിസ്റ്റന്‍റ് സൂപ്രണ്ടുമാരുമാണ് ഏതാനും വര്‍ഷത്തിനിടെ ജയിലിലെ ജോലി മടുത്തിറങ്ങിയത്.
രാവുംപകലും കുറ്റവാളികളെ കണ്ടുകൊണ്ടുള്ള ജോലി. നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ അസഭ്യപ്രയോഗം മുതല്‍ കയ്യേറ്റം വരെ. കുറ്റവാളികളുടെ മനുഷ്യാവകാശത്തിനും മേലുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്കും ഇടയില്‍പെടുന്ന സമ്മര്‍ദം–അങ്ങിനെ പലതും ചേരുമ്പോള്‍ ഇതിലും ഭേദം മറ്റ് ജോലിയാണെന്ന് യുവാക്കള്‍ കരുതുന്നു. ഈ പരിഹാരമാര്‍ഗങ്ങളാണ് ജീവനക്കാരെ നിലനിര്‍ത്താനും ജയില്‍ സുരക്ഷ ഉറപ്പിക്കാനും സര്‍ക്കാര്‍ ചെയ്യേണ്ടത്.