കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ നിന്ന് ഇറങ്ങുന്നതും ജയില്‍ കോമ്പൗണ്ടിലൂടെ നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പുറത്തിറങ്ങിയത് താഴ്വശത്തെ കമ്പി അറുത്താണ്. ശേഷം 1.15 ന് ഇഴഞ്ഞ് സെല്ലില്‍ നിന്നിറങ്ങി. ജയില്‍ പരിസരത്ത് കൂടി നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
Also Read: ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; 'സുരക്ഷാ വീഴ്ച'; സഹതടവുകാരെ ചോദ്യം ചെയ്യും
ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ച തടവറയുടെ ചിത്രവും പുറത്തു വന്നു. പത്താം ബ്ലോക്കിലെ 10-B സെല്ലിന്‍റെ അഴികള്‍ അറുത്തുമാറ്റിയതായി ദൃശ്യങ്ങളില്‍ വ്യക്തം. ആറ് അഴികളാണ് മുറിച്ചുമാറ്റിയത്. ഇത് കാണാതിരിക്കാന്‍ കെട്ടിവെച്ച നൂലിന്‍റെ ഭാഗങ്ങളും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വസ്ത്രവും പുതപ്പും ഉപയോഗിച്ച് കിടക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാനുണ്ടാക്കിയ ഡമ്മിയും കാണാം. ഏറെ പഴക്കമുള്ള സെല്ലാണ് ഗോവിന്ദച്ചാമിയ്ക്ക് നല്‍കിയതെന്നും ദൃശ്യം തെളിയിക്കുന്നു
ജയിലില്‍ നിന്ന് പുറത്തുചാടാന്‍ പദ്ധതിയിട്ടത് ഗോവിന്ദച്ചാമി തനിച്ചാണെന്നാണ് പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ജയിലിനുള്ളിലോ പുറത്തോ സഹായം ലഭിച്ചിട്ടില്ല. എന്നാല്‍ ജയില്‍ ചാടുമെന്ന് മറ്റു ചില തടവുകാര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. അത്യന്തം അദ്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് അന്വേഷണത്തിന്‍റെ ഓരോ ഘട്ടങ്ങളിലും പുറത്തുവരുന്നത്. അംഗപരിമിതനായ ഗോവിന്ദച്ചാമിയ്ക്ക് സഹായം ലഭിച്ചെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു പോലീസ്. എന്നാല്‍ ഇപ്പോള്‍ പോലീസ് കൃത്യമായി പറയുന്നു, എല്ലാം അയാളുടെ മാത്രം പ്ലാനിങ്ങെന്ന്. സഹായം ലഭിച്ചിരുന്നെങ്കില്‍ പുറത്തുകടക്കാന്‍ മൂന്നു മണിക്കൂര്‍ സമയമെടുക്കില്ലായിരുന്നു. രാത്രി 1.10 മുതല്‍ 4.15 വരെയുള്ള ഗോവിന്ദച്ചാമിയുടെ മുഴുവന്‍ നീക്കങ്ങളും ജയില്‍ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിലെവിടെയും പരസഹായം ലഭിച്ചതിന് തെളിവുകളില്ല. ജയില്‍ ചാടിയ ശേഷം വഴിയറിയാത്തതാണ് ഗോവിന്ദച്ചാമിയ്ക്ക് പിഴയ്ക്കാന്‍ കാരണമെന്നും അന്വേഷണത്തില്‍ വ്യക്തമായി.
അതിനിടെയാണ് ഞെട്ടിക്കുന്ന മറ്റു വിവരങ്ങള്‍. കൊടും കുറ്റവാളികളെ താമസിപ്പിച്ച പത്താം ബ്ലോക്കിലെ നാല് തമിഴ്നാട്ടുകാരായ തടവുകാര്‍ ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന വിവരം നേരത്തെ അറിഞ്ഞിരുന്നു. തേനി സുരേഷ്, ഷിഹാബ്, വിശ്വനാഥന്‍, സാബു എന്നീ തടവുകരോട് ഗോവിന്ദച്ചാമി തന്നെയാണ് മുന്‍പ് ഇക്കാര്യം സൂചിപ്പിച്ചിരുന്നത്. പല കാലങ്ങളിലായി ഇവര്‍ക്കൊപ്പം സെല്ലില്‍ കഴിഞ്ഞിട്ടുണ്ട് ഗോവിന്ദച്ചാമി. ഇവരെ കൂടാതെ മറ്റു ചില തടവുകാര്‍ക്കും ജയില്‍ചാട്ടത്തെ കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു എന്നും പോലീസിന് മനസ്സിലായി. തടവുകാരെ വിശദമായി ചോദ്യം ചെയ്യാന്‍ പട്ടിക പോലീസ് തയ്യാറാക്കിക്കഴിഞ്ഞു. അതേസമയം, സസ്പെന്‍ഷന്‍ നേരിട്ട ഉദ്യോഗസ്ഥരുടേതുള്‍പ്പെടെ കൂടുതല്‍ പ്രിസണ്‍ ഓഫീസര്‍മാരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.