സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടാന്‍ പദ്ധതിയിട്ടത് തനിച്ചെന്ന് കണ്ടെത്തല്‍. ജയിലിന് അകത്ത് നിന്നോ പുറത്തു നിന്നോ സഹായം ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം നാല് സഹതടവുകാര്‍ക്ക് അറിയാമായിരുന്നുവെന്നും കണ്ടെത്തി. സഹതടവുകാരായ നാല് തമിഴ്നാട് സ്വദേശികളെ അന്വേഷണസംഘം ചോദ്യം ചെയ്യും. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും.
അതേസമയം, രക്ഷപ്പെടാൻ ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും കണ്ണൂർ ജയിലിൽ സുരക്ഷാവീഴ്ച്ചയുണ്ടായതായും സർക്കാർ നിയോഗിച്ച സമിതി അംഗം ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരുടെ വിലയിരുത്തൽ. കേരളത്തിലെ ജയിലുകളുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം നൽകും. ജയിലുകളിൽ ജീവനക്കാരുടെ കുറവ് വലിയതോതിലുണ്ടെന്ന പരാതി ലഭിച്ചിരുന്നുവെന്നും ജയിൽ പരിഷ്ക്കരണ കമ്മിഷൻ അധ്യക്ഷനായിരുന്ന അദ്ദേഹം വ്യക്തമാക്കി. സി.സി.ടി.വി ക്യാമറകൾ ഉൾപ്പെടെ സാങ്കേതിക സംവിധാനങ്ങൾ നിരീക്ഷണത്തിന് വിപുലമായി വേണം. തടവുപുള്ളികൾ ഒരു കാരണവശാലും സെല്ലിന് പുറത്തുവരുന്ന സാഹചര്യമുണ്ടാകരുത്. ജയിലിലെ അടുക്കള ഉപകരണങ്ങൾ അടക്കം തടവുപുള്ളികൾ കൈവശം വയ്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു.