• പര്‍ദയിട്ട് പത്രിക നല്‍കാനെത്തി സാന്ദ്ര തോമസ്
  • സംഘടനയ്ക്കെതിരെ സാന്ദ്ര പരാതി നല്‍കിയിരുന്നു
  • സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു ആരോപണം

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക നൽകാന്‍ പര്‍ദയിട്ട് എത്തി സാന്ദ്ര തോമസിന്‍റെ പ്രതിഷേധം. സംഘടന പുരുഷന്‍മാരുടെ കുത്തകയാണെന്നും പൊലീസ് കുറ്റപത്രം നല്‍കിയവരാണ് അധികാരത്തിലുള്ളതെന്നും സാന്ദ്ര പറഞ്ഞു. മുന്‍ അനുഭവങ്ങവുടെ പശ്ചാത്തലത്തില്‍ ഇവിടെ വരാന്‍ ഏറ്റവും യോജിച്ച വസ്ത്രം ഇതാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗം കൂടി ആയിട്ടാണ് തീരുമാനമെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. 

'പോലീസ് കുറ്റപത്രത്തിലുള്ളവരാണ് ഈ അസോസിയേഷൻ ഇപ്പോഴത്തെ ഭാരവാഹികൾ. സ്ത്രീ നിർമ്മാതാക്കൾക്ക് എന്നല്ല സ്ത്രീകൾക്ക് പൊതുവെ വരാൻ സുരക്ഷിതമായ ഇടമല്ല ഇന്ന് പ്രൊഡ്യൂസർ സ് അസോസിയേഷൻ. അസോസിയേഷനെ പുരുഷന്മാരുടെ ഒരു കുത്തകയാക്കി വച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി പത്ത്, പതിനഞ്ച് പേരുടെ കുത്തകയാണ് അസോസിയേഷൻ. ഇവിടെ മാറ്റങ്ങൾ വരണം. ഏത് സ്ഥലത്താണെങ്കിലും കുറച്ചുപേര് അത് കയ്യടക്കി വച്ചു കഴിഞ്ഞാൽ അത് മുരടിക്കും അപ്പൊ ആ ഒരു അവസ്ഥയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ' സാന്ദ്ര തോമസ് പറഞ്ഞു. 

ഇതിനാലാണ് ഈ സംഘടന എല്ലാ സംഘടനകളിൽ നിന്നും താഴെ നിൽക്കുന്നത്. ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിച്ചത് ഇപ്പോൾ ഇരിക്കുന്ന ഭരണാധികാരികളാണ്. അവിടെ മാറ്റം സംഭവിച്ചെങ്കില്‍ മാത്രമേ മുഴുവന്‍ സിനിമാ മേഖലയിലും മാറ്റമുണ്ടാകൂ. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ മാറ്റം വരുമ്പോള്‍ അത് പരോക്ഷമായി മുഴുവൻ ഇൻഡസ്ട്രിയും ബാധിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു. 

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്‍റെ മല്‍സരമെന്നും  ഇന്ന് നാമനിര്‍ദേശ പത്രിക സമപ്പിക്കുമെന്നും സാന്ദ്ര മനോരമ ന്യൂസിനോട് പറഞ്ഞു. സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താരങ്ങളുടെ മുന്നില്‍ ഒാഛാനിച്ച് നില്‍ക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടതെന്നും താന്‍ പ്രസിഡന്‍റായാല്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു. 

ENGLISH SUMMARY:

Sandra Thomas protests male monopoly in Film Producers Association election by wearing a burqa for nomination. She demands reform, highlighting issues like charge sheets against current office bearers and an unsafe environment for women. Read about her bold stance for change.