• സംസ്ഥാനത്ത് കനത്ത കാറ്റും മഴയും തുടരുന്നു
  • കണ്ണൂരില്‍ വീടിന് മുകളില്‍ മരംവീണ് മരണം
  • പാലക്കാട് നെന്മാറയില്‍ വീട് നിലംപൊത്തി

സംസ്ഥാനത്ത് കനത്ത കാറ്റും മഴയും തുടരുന്നു. കണ്ണൂരില്‍ വീടിന് മുകളില്‍ മരംവീണ് കോളയാട് സ്വദേശി ചന്ദ്രന്‍ (78) മരിച്ചു. ഉറങ്ങിക്കിടക്കവെയാണ് അപകടം. പാലക്കാട് വീടിന് മുകളില്‍ മരണം വീണ് രണ്ടുേപര്‍ക്ക് പരുക്കേറ്റു. തച്ചമ്പാറ സരോജിനി (72), അര്‍ച്ചന(22) എന്നിവര്‍ക്കാണ് പരുക്ക്.  കോഴിക്കോട് കല്ലാച്ചിയില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും മുകളില്‍ മരം വീണു. കല്ലാച്ചി തര്ബിയ മദ്രസയുടെ മേല്‍ക്കൂര പറന്നുപോയി. കോഴിക്കോട് മലയോരമേഖലയില്‍ വ്യാപകമായി വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. 

പത്തനംതിട്ട പന്തളം പൂഴിക്കാട്ട് സർക്കാർ യുപി സ്കൂൾ മുറ്റത്ത് ചുവട് ദ്രവിച്ചു നിന്ന മരം കടപുഴകി വീണു. വെട്ടി മാറ്റണമെന്നാവശ്യപ്പെട്ട് രണ്ടുവർഷമായി കലക്ടർക്ക് അടക്കം പരാതി നൽകിയിരുന്നതാണ് എന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. സമീപത്ത് വേറെയും മരങ്ങൾ ചുവട് ദ്രവിച്ച് നിൽപ്പുണ്ട്. വനം വകുപ്പിന്റെ നടപടി വൈകുന്നു എന്നാണ് നഗരസഭയുടെ മറുപടി. ഇന്നലെയും ഇന്നുമായി ജില്ലയില്‍ കടപുഴകിയത് നൂറിലധികം മരങ്ങളാണ്.

Also Read: പെരുമഴപ്പെയ്ത്തില്‍ രണ്ട് മരണം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ അവധി

പാലക്കാട് ജില്ലയില്‍ കനത്ത കാറ്റിലും മഴയിലും കനത്ത നാശം. മരങ്ങള്‍ വീണ് പലയിടത്തും വൈദ്യുതി ബന്ധം നിശ്ചലമായി.  കല്ലടിക്കോട് വീടിന്‍റെ മുകളില്‍ തെങ്ങ് വീണ് മൂന്നുപര്‍ക്ക് പരുക്കേറ്റു. പാലക്കാട് നെന്മാറയില്‍ വീട് നിലംപൊത്തി. ഷോളയാര്‍ ഡാം തുറന്നു. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.  ആളിയാര്‍ ഡാമിന്‍റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ ചിറ്റൂര്‍പ്പുഴയില്‍ ജലനിരപ്പ് ഉയരും. കോഴിക്കോട് കല്ലാച്ചിയില്‍ ശക്തമായ  കാറ്റില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും മുകളില്‍ മരം വീണു. കല്ലാച്ചി തര്ബിയ മദ്രസയുടെ മേല്‍ക്കൂര പറന്നുപോയി. 

ഇന്നലെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നുശക്തമായ കാറ്റില്‍ മരം കടപുഴകി വീണായിരുന്നു അപകടങ്ങള്‍. പത്തനംതിട്ട കോട്ടാങ്ങലിലും ഇടുക്കി ചക്കുപള്ളത്തുമാണ് മരണങ്ങള്‍. 

ENGLISH SUMMARY:

Kerala rain havoc continues across the state, causing two fatalities from fallen trees in Kannur and Pathanamthitta, alongside multiple injuries and widespread damage to homes and infrastructure. Authorities have opened dams and warned of rising river levels in Chalakudy and Chittur, while delayed action on hazardous trees poses further risks.