tractor-ajith-kumar-cctv

എ.ഡി.ജി.പി M.R അജിത്കുമാറിന്‍റെ ശബരിമല ട്രാക്ടര്‍ യാത്ര നിയമലംഘനമെന്ന് ഡി.ജി.പി റാവാഡ ചന്ദ്രശേഖര്‍.   അജിത്കുമാറിന്‍റെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും കാണിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഹൈക്കോടതി നടപടി നിര്‍ദേശിക്കും മുന്‍പ് അജിത്കുമാറിനെതിരെ നടപടിയെടുത്ത് തടിതപ്പാനാണ് സര്‍ക്കാര്‍ ആലോചന. 

കാലുവേദനിച്ചതുകൊണ്ട് ട്രാക്ടറില്‍ കയറിയെന്ന എ.ഡി.ജി.പിയുടെ വാദം വിശ്വസിക്കാനും അംഗീകരിക്കാനും പറ്റില്ലെന്നാണ് ഡി.ജി.പിയുടെ നിലപാട്. ശബരിമലയിലേക്ക് ട്രാക്ടര്‍ യാത്ര പാടില്ലെന്ന നിയമം സാധാരണക്കാരായ തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല, പൊലീസുകാര്‍ക്കും ബാധകമാണ്. അതിനാല്‍ അജിത്കുമാറിന്‍റേത് നിയമലംഘനവും വീഴ്ചയുമാണെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ റാവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നത്. 

ശബരിമല സ്പെഷല്‍ കമ്മീഷണറും അജിത്കുമാറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ അജിത്കുമാറിനെതിരെ കോടതി നടപടി ഏതാണ്ട് ഉറപ്പായി. എന്നാല്‍ കോടതി കടുത്ത നടപടി നിര്‍ദേശിക്കും മുന്‍പ് നടപടിയെടുത്ത് പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ആലോചന. ബറ്റാലിയന്‍ എ.ഡി.ജി.പി എന്ന സ്ഥാനത്ത് നിന്ന് അജിത്കുമാറിനെ എക്സൈസ് കമ്മീഷണറാക്കി മാറ്റിയേക്കും. വീഴ്ച വരുത്തിയതിനാല്‍ പൊലീസിന് പുറത്തേക്ക് മാറ്റിയെന്നും അത് നടപടിയാണെന്നും ഹൈക്കോടതിയെ അറിയിച്ച് കടുത്ത നടപടി ഒഴിവാക്കാനാണിത്. അജിത്കുമാറിന് മറ്റൊരു പ്രധാനപ്പെട്ട പദവി കിട്ടുകയും ചെയ്യും. ട്രാക്ടര്‍ യാത്രക്കെതിരെയെടുത്ത കേസിലും എ.ഡി.ജി.പിയെ പ്രതിചേര്‍ക്കാതെ സംരക്ഷിച്ചിരുന്നു.

ENGLISH SUMMARY:

DGP Shaik Darvesh Saheb has termed ADGP M.R. Ajithkumar’s Sabarimala tractor journey a violation of rules. In a report submitted to the High Court, it was stated that Ajithkumar’s explanation is unacceptable. The government is considering taking action against him before the High Court directs intervention.