സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി സംസ്ഥാനമാകെ അരിച്ചുപെറുക്കുകയാണ് പൊലീസ്. കണ്ണൂര്‍ നഗരമധ്യത്തിലെ സെൻട്രൽ ജയിലില്‍ നിന്ന് കഴിഞ്ഞ രാത്രിയാണ് ഗോവിന്ദച്ചാമി അതിവിദഗ്ധമായി രക്ഷപ്പെട്ടത്. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ ഇന്ന് ജയില്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ജയില്‍ചാട്ടം. കർണാടകയിലേക്കോ തമിഴ്നാട്ടിലേക്കോ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇരുസംസ്ഥാനങ്ങള്‍ക്കും കേരളാ പൊലീസ് വിവരം കൈമാറിയിട്ടുണ്ട്.
തന്നെ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് ഒരുവര്‍ഷത്തിന് ശേഷമാണ് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ചാടിയത്. 2024 മാര്‍ച്ചിലാണ് സ്വദേശമായ തമിഴ്നാട്ടിലെ ഏതെങ്കിലും ജയിലിലേക്കു മാറ്റണമെന്ന് ഗോവിന്ദച്ചാമി അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷ ജയിൽ വകുപ്പ് മേധാവി നിരസിക്കുകയായിരുന്നു. തമിഴ്നാട് കടലൂരിലെ സമത്വപുരം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരില്‍ ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. ALSO READ: സെൽ തുറന്നപ്പോള്‍ ഗോവിന്ദചാമിയില്ല! ചാടിയതിങ്ങനെ...
കണ്ണൂർ നഗരമധ്യത്തിലാണ് സെൻട്രൽ ജയില്‍. ദേശീയപാതയ്ക്ക് അഭിമുഖമാണ് ജയില്‍ കവാടം. കണ്ണൂർ ടൗണിലേക്കും കോഴിക്കോട്, കാസർകോട് ഭാഗത്തേക്കും ഇവിടെ നിന്ന് എളുപ്പത്തില്‍ പോകാന്‍ കഴിയും. ഗോവിന്ദച്ചാമി ഇതുവഴി കര്‍ണാടകയിലേക്കോ തമിഴ്നാട്ടിലേക്കോ കടന്നിരിക്കാമെന്നാണ് അനുമാനം.
പുലര്‍ച്ചെ ഒരുമണിക്കുശേഷമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കില്‍ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ജയില്‍വേഷത്തില്‍ തന്നെ രക്ഷപ്പെട്ടതെന്നാണ് വിവരം. സെല്‍കമ്പികള്‍ മുറിച്ച് മതില്‍ ചാടുകയായിരുന്നു. ഇയാള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചെന്നും സംശയമുണ്ട്. ജയില്‍ ചാടി 6 മണിക്കൂറിന് ശേഷമാണ് അധികൃതര്‍പോലും വിവരം അറിഞ്ഞത്. മതിലിനരികെ തുണി കണ്ടപ്പോഴാണ് സംശയം തോന്നിയതും പരിശോധന ആരംഭിച്ചതും. ജയിലിലെ ട്രെയിനിങ് ഉദ്യോഗസ്ഥരാണ് തുണി കണ്ടെത്തിയത്. ALSO READ: പരിശോധിച്ചത് മതിലിനരികെ തുണി കണ്ടപ്പോള്‍; ജയില്‍ചാടിയത് അറിഞ്ഞത് 6 മണിക്കൂര്‍ വൈകി ...
ഗോവിന്ദച്ചാമിയെ കണ്ടാല്‍ 9446899506 എന്ന നമ്പറില്‍ പൊലീസില്‍ അറിയിക്കാം. ഇയാളെ പിടികൂടാന്‍ കണ്ണൂര്‍ ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെിനും രൂപം നല്‍കി. റയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധന.
2011 ഫെബ്രുവരിയിൽ യാത്രക്കാരിയായിരുന്ന സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടു പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയാണു ഗോവിന്ദച്ചാമി. പിടിയിലായ ഗോവിന്ദച്ചാമിക്ക് 2011 നവംബർ 11നു തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി 2016 സെപ്റ്റംബറിൽ വധശിക്ഷ റദ്ദാക്കുകയും കീഴ്കോടതി വിധിച്ച ജീവപര്യന്തം തടവു ശിക്ഷ നിലനിര്‍ത്തുകയുമായിരുന്നു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയിൽ ഇളവ് നേടാനും ശ്രമം നടന്നിരുന്നു വധശിക്ഷ റദ്ദാക്കിയശേഷമാണ് ഇയാള്‍ അക്രമസ്വഭാവം അവസാനിപ്പിച്ചത്.