പ്രതീകാത്മക ചിത്രം
കനത്ത മഴയും കാറ്റും കണക്കിലെടുത്ത് കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ഉച്ചയ്ക്ക് ശേഷം വീശിയടിച്ച കാറ്റില്‍ കോട്ടയത്ത് വ്യാപക നഷ്ടമുണ്ടായിരുന്നു. മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാട് ഉണ്ടാവുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. വാകത്താനത്തും ചേർപ്പുങ്കലിലും വൈക്കത്തും മരങ്ങൾ വീണ് വാഹനങ്ങൾ തകർന്നു. സിഎംഎസ് കോളജ് റോഡിൽ കൂറ്റൻ മരം കടപുഴകി വീണു. വിദ്യാർത്ഥികൾ കൂടി നിൽക്കുന്ന ഈ സ്ഥലമായിരുന്നു.
ഇന്ന് കോളജിൽ അവധിയായത് ആശ്വാസമായി.
കിടങ്ങൂരിൽ റോഡിനു കുറുകെ മരം വീണു. വൈക്കം റെയിൽവേ സ്റ്റേഷൻ റോഡിൽ മരം വീണ് വാഹനങ്ങൾ തകർന്നു. കൂടല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപവും കുമരകം റോഡിലും കാഞ്ഞിരപ്പള്ളി ചോറ്റിയിലും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. പനച്ചിക്കാട് സഹകരണ ബാങ്കിൻ്റെ മേൽക്കൂരയിലെ സോളർ പാനൽ തകർന്നു. ഏഴു പാനലുകളാണ് പറന്നുപോയത്. മീനടം വലിയ പള്ളിയുടെ പാരിഷ് ഹാളിന്റെ ഷീറ്റുകൾ തകർന്നു. ഈരാറ്റുപേട്ടയിൽ വീടിന് ഭാഗിക കേടുപാടുണ്ടായി. പാലാ ചേർപ്പുങ്കൽ ആശുപത്രിയിലെക്കു വരികയായിരുന്ന ഓട്ടോറിക്ഷയ്ക്കുമുകളിലേക്ക് മരം വീണ് ഓട്ടോറിക്ഷ തകർന്നു.വാകത്താനത്ത് കാറിന് മുകളിൽ മരം വീണു.
ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം, ഇടുക്കി , തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . മറ്റ് ജില്ലകളിൽ യെലോ അലർട്ടാണ്. വിഫ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നത്.