കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് നാളെ (26/07/2025) മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ശനിയാഴ്ച അവധി.
പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്‍റുകള്‍ ഉള്‍പ്പടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ശനിയാഴ്ച അവധി. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
കോട്ടയം ജില്ലയിലും പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളുണ്ടായിരുന്നു.
ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം , എറണാകുളം, ഇടുക്കി , തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . മറ്റ് ജില്ലകളിൽ യെലോ അലർട്ടാണ്. വിഫ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. മഹാരാഷ്ട്രാ തീരം മുതൽ കേരള തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നു. കേരള , കർണാടക , ലക്ഷദ്വീപ് തീരങ്ങളിൽ 28 വരെ മത്സ്യബന്ധനം വിലക്കി. 5 ദിവസം കൂടി ശക്തമായ മഴ തുടരും.