RAIN

കേളത്തില്‍ വരുന്ന അഞ്ചു ദിവസം കൂടി പരക്കെ മഴക്ക് സാധ്യത. കടല്‍ അതീവ പ്രക്ഷുബ്ധമായതിനാല്‍ കേരളതീരത്തു നിന്ന് 29ാം തീയതി വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റു രൂപമെടുത്തു. കന്യാകുമാരിക്കു സമീപത്തെ ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമാകും.

സയാന്‍മാര്‍ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് നിക്കോബാര്‍ ദ്വീപില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ ഇന്തൊനീഷ്യയിലെ മലാക്ക കടലിടുക്കിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ ഇന്ത്യന്‍തീരത്തേക്ക് നീങ്ങിയാലും വീണ്ടും അത് ഇന്തോനേഷ്യക്ക് സമീപത്തേക്ക്  എത്തും എന്നാണ് കാലാവസ്ഥാ പ്രവചനം. കന്യാകുമാരിക്ക് സമീപവും  ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നു. ഇത് വരുന്ന 24 മണിക്കൂറില്‍ കൂടുതല്‍ ശക്തമാകും. 

ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയുടെ തെക്കന്‍ ഭാഗങ്ങളിലും വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളില്‍ യെലോ അലര്‍ട്ട് നിലവിലുണ്ട്. ശബരിമലയിലും പരക്കെ മഴ കിട്ടും. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കേരള –ലക്ഷദ്വീപ്  തീരങ്ങളില്‍ നിന്ന് ഞായറാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ 11 തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. 

ENGLISH SUMMARY:

Kerala Rain Alert is issued as heavy rainfall is expected in Kerala for the next five days. The meteorological department has warned fishermen not to go to sea until the 29th due to rough sea conditions.