മഴക്കെടുതികളില്‍ സംസ്ഥാനത്ത് രണ്ട് മരണം. കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്. കനത്ത  കാറ്റിലും മഴയിലും കോട്ടയത്തും പത്തനംതിട്ടയിലും പാലക്കാടും വ്യാപക നാശനഷ്ടമുണ്ടായി. കനത്ത മഴയ്ക്കും കാറ്റിനും  സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ്  അവധി. 

ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് പത്തനംതിട്ട കോട്ടാങ്ങലിലും ഒരാളും, ഇടുക്കി ചക്കുപള്ളത്ത് ഒരാളും  മരിച്ചു. കോട്ടയത്തും പത്തനംതിട്ടയിലും മരങ്ങൾ കടപുഴകി വീണ് വ്യാപകമായി വൈദ്യുതി ബന്ധം തകര്‍ന്നു. വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാട് ഉണ്ടായി. കോട്ടയം  വാകത്താനത്തും ചേർപ്പുങ്കലിലും വൈക്കത്തും മരങ്ങൾ വീണ് വാഹനങ്ങൾ തകർന്നു.  കൂടല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപവും, കുമരകം റോഡിലും കാഞ്ഞിരപ്പള്ളി ചോറ്റിയിലും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. പനച്ചിക്കാട് സഹകരണ ബാങ്കിന്‍റെ മേൽക്കൂരയിലെ സോളർ പാനൽ തകർന്നു. ഏഴു പാനലുകളാണ് പറന്നുപോയത്. മീനടം വലിയ പള്ളിയുടെ പാരിഷ് ഹാളിന്റെ ഷീറ്റുകൾ തകർന്നു.

പാലാ ചേർപ്പുങ്കൽ ആശുപത്രിയിലെക്കു വരികയായിരുന്ന ഓട്ടോറിക്ഷയ്ക്കുമുകളിലേക്ക് മരം വീണു. വാകത്താനത്ത് കാറിന് മുകളിൽ മരം വീണു. മുണ്ടക്കയം, വൈക്കം, തലയാഴം പഞ്ചായത്തുകളിലായി 10 വീടുകൾ തകർന്നു. ശക്തമായ കാറ്റിൽ പത്തനംതിട്ട റാന്നി, കോന്നി മേഖലകളിൽ മരം കടപുഴകി വീണ് ഒരാൾക്ക് പരുക്കേറ്റു. അഞ്ചു വാഹനങ്ങൾ തകർന്നു. ഇടമുറി, ചേത്തയ്ക്കൽ എന്നിവിടങ്ങളിൽ വീടിന് മുകളിൽ മരങ്ങൾ വീണു. വടശ്ശേരിക്കരയിൽ കെട്ടിടത്തിന്റെ മുകളിലെ ഷീറ്റ് റോഡിലേക്ക് വീണു. കോന്നി തണ്ണിത്തോട് റോഡിലും  ഇളകൊള്ളൂർ മേഖലയിലും  മരങ്ങൾ വീണിട്ടു. 

പാലക്കാട് ജില്ലയിലും വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കല്ലടിക്കോട് മേലേമഠം എതിർപ്പുള്ളിയില്‍ വീടിനു മുകളിൽ മരം വീണു മൂന്നുപേർക്ക് പരുക്കേറ്റു. മണ്ണാർക്കാട് ചിറക്കപ്പടിയിൽ ഫുട്ബോൾ ടർഫിന്റെ മേൽക്കൂര കാറ്റിൽ നിലംപൊത്തി. അട്ടപ്പാടി ഗൂളിക്കടവിലും ഹോട്ടലിന്റെ മേൽകൂര തകര്‍ന്നു. കോഴിക്കോട‌് മീഞ്ചന്തയില്‍ നിര്‍ത്തിയിട്ട സ്കൂള്‍ ബസിന് മുകളിലും കൊല്ലം പുനലൂര്‍ കോട്ടവട്ടത്ത് വീടിന് മുകളിലും മരംവീണു.  തിരുവനന്തപുരത്ത് ഹോളോബ്രിക്സ് ഫാക്ടറിയുടെ മതിലിടിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു. വരുന്ന അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം , എറണാകുളം, ഇടുക്കി , തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . മറ്റ് ജില്ല കളിൽ യെ ലോ അലർട്ട് തുടരും. വിഫ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. മഹാരാഷ്ട്രാ തീരം മുതൽ കേരള തീരം വരെ ന്യൂന മർദ പാത്തി സ്ഥിതി ചെയ്യുന്നു. കേരള , കർണാടക , ലക്ഷദ്വീപ് തീരങ്ങളിൽ  28 വരെ മത്സ്യബന്ധനം  വിലക്കി. 5 ദിവസം കൂടി ശക്തമായ മഴ തുടരും.

ENGLISH SUMMARY:

Kerala experiences widespread heavy rain, leading to two deaths, injuries, and significant damage across multiple districts. Holidays declared in Kottayam, Pathanamthitta, and Ernakulam, with Orange and Yellow alerts issued across the state as rain continues for five more days.