കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ഒന്നരമാസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്ന് മൊഴി. മെലിയുന്നതിനായി ഭക്ഷണം ക്രമീകരിച്ചതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ ജയിൽചാട്ടത്തിന് നടത്തി. താടി വളർത്തുന്നതിനായി ഷേവിംഗ് അലർജിയാണെന്ന് പറഞ്ഞ് ഇയാൾ ജയിൽ അധികൃതരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു. ഇത് രൂപമാറ്റം വരുത്തി രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.
കൂടാതെ, കറുത്ത വസ്ത്രങ്ങളും ഇയാൾ നേരത്തെ കൈവശപ്പെടുത്തിയിരുന്നു. വിചാരണത്തടവുകാരുടേതാണ് ഈ വസ്ത്രങ്ങളെന്നാണ് പ്രാഥമിക നിഗമനം. മെലിയുന്നതിനായി ഭക്ഷണം കുറച്ചെന്നും ചോറ് ഒഴിവാക്കിയെന്നും ഗോവിന്ദച്ചാമി പൊലീസിന് മൊഴി നൽകി. മതിൽകടക്കാൻ ഉപയോഗിച്ച വീപ്പകൾ ജയിലിന്റെ പരിസരത്ത് ഒളിപ്പിച്ചുവച്ചതും ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ജയിലിന്റെ തെക്കുഭാഗത്തെ മതിലിലൂടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. മൂർച്ചയുള്ള ആയുധമുപയോഗിച്ച് ഇരുമ്പഴികൾ മുറിച്ചാണ് ഇയാൾ പുറത്തുകടന്നത്. ജയിൽ വസ്ത്രം മാറ്റി കറുത്ത പാന്റും ഷർട്ടും ധരിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിലിലെ പുതപ്പ് ചുരുട്ടി കയറിനൊപ്പം കൂട്ടിക്കെട്ടിയാണ് മതിലിന് മുകളിലേക്ക് കയറാൻ ഉപയോഗിച്ച വടം തയ്യാറാക്കിയത്.
മൂന്ന് ഇരുമ്പ് വീപ്പകൾ അടുക്കിവച്ച് അതിന് മുകളിൽ കയറിയ ശേഷം, തുണികൊണ്ട് കെട്ടിയ വടം മതിലിന് മുകളിലെ കമ്പിയിൽ കുരുക്കി താഴേക്ക് ഊർന്നിറങ്ങുകയായിരുന്നു. ഇവ ജയിൽ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകളിലേക്ക് വിരൽചൂണ്ടുന്നുണ്ട്. ജയിൽ മേധാവി തന്നെ അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രിസൺ ഓഫീസർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.