ഗോവിന്ദച്ചാമി എന്ന ക്രിമിനലിനെ ക്രൂരന്‍മാരിലെ കൊടുംക്രൂരന്‍ എന്നു വിശേഷിപ്പിച്ചാലും മതിയാകില്ല.  ഇതു പറയുന്നത് ഗോവിന്ദച്ചാമി പിച്ചിച്ചീന്തിയ പെണ്‍കുട്ടിയെ പോസ്റ്റുമോര്‍ട്ടംചെയ്ത ഡോക്ടര്‍ ഷേര്‍ലി വാസുവാണ്. വെറും 23വയസ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയെ ഈ വിധം ഇല്ലാതാക്കണമെങ്കില്‍ അയാളുടെ മനസ് അത്രമാത്രം ക്രൂരമായിരിക്കണമെന്ന് ഡോക്ടര്‍ അന്നേ പറഞ്ഞതാണ്. ഇയാള്‍ ജയില്‍ ചാടിയെന്ന് കേട്ടപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയെപ്പോലെ തന്നെ തനിക്കും വീട്ടുകാര്‍ക്കും കടുത്ത ഭീതിയാണ് തോന്നിയതെന്ന് ഫോറന്‍സിക് വിദഗ്ധയായ  ഡോക്ടര്‍ ഷേര്‍ലി വാസു മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.  

‘ഗോവിന്ദച്ചാമി ജയില്‍ ചാടി എന്ന വാര്‍ത്ത കടുത്ത ആശങ്കയുണ്ടാക്കി. ഗേറ്റും വാതിലുമൊക്കെ പൂട്ടിയിട്ടുണ്ടോയെന്ന് വിവരം വിളിച്ചറിയിച്ച സഹോദരന്‍ ചോദിച്ചു. റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് തിരികെ കയറുമ്പോള്‍ സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു, അപ്പോഴാണ് കാര്യം അറിയുന്നത്. ഗോവിന്ദച്ചാമി ജയിലിലായി പതിനാലു വര്‍ഷം ആയെങ്കിലും ഇതുവരെ തനിക്കെതിരെ  ഭീഷണിയൊന്നുമുണ്ടായില്ല. പൊലീസിന്‍റെ പരിധിക്കുമപ്പുറമാണ് ഗോവിന്ദച്ചാമി, ഇത്തരം ക്രിമിനലുകള്‍ പലപ്പോഴും തലപൊക്കുന്നത് ആ മേഖലയിലെ ദീര്‍ഘകാലം പ്രവര്‍ത്തിച്ച എസ്ഐമാര്‍ സ്ഥലംമാറി പോകുന്ന ഘട്ടത്തിലാണ്. സ്ത്രീകളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന സമയമാണത്, ഇന്നും ട്രെയിനിലുള്‍പ്പെടെ സ്ത്രീകളുടെ സുരക്ഷയൊരു ചോദ്യചിഹ്നമാണ്.  ഗോവിന്ദച്ചാമി തന്നെ പറഞ്ഞത് അയാള്‍ വേഗത കുറഞ്ഞോടുന്ന ട്രെയിനുകളിലാണ് ക്രൈം ചെയ്യാറുളളത് എന്നാണ്. അത്തരക്കാര്‍ക്ക്  ഓടിക്കയറാനും ഇറങ്ങാനും അതിലേ പറ്റൂ.  ഇത്തരത്തില്‍ വേഗതകുറവുള്ള ട്രെയിനുകളില്‍  സുരക്ഷ കൂട്ടേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്തമാണെന്നും ഡോക്ടര്‍ പറഞ്ഞു

‘ഗോവിന്ദച്ചാമിയെ  സെല്ലിനു പുറത്തുകൊണ്ടുപോയി ജയിലിലെ പതിവ് വ്യായാമങ്ങള്‍  ചെയ്യിക്കാറില്ല കാരണം പുറത്തുകൊണ്ടു പോയാല്‍ ഇയാള്‍ പൊലീസുകാര്‍ക്കു നേരെ അയാളുടെ വിസര്‍ജ്യം എടുത്തെറിയുമായിരുന്നു, അതുകൊണ്ട് സെല്ലില്‍ തന്നെ ഇരുത്തും. ഈ സമയം  അവന്‍ സെല്ലിനുള്ളിലെ ഭിത്തിയിലേക്ക് ഓടിക്കയറി പരിശീലിക്കുമായിരുന്നു, ഇക്കാലമത്രയും  അയാള്‍ അങ്ങനെ പരിശീലിച്ചത് ഈ ജയില്‍ചാട്ടത്തിനു വേണ്ടി തന്നെയാവും. ഇതിനെ ഒരു വ്യായാമമെന്ന നിലയിലായിരിക്കും  പൊലീസും കരുതിയിരിക്കുക, അവന്‍റെ ക്രിമിനല്‍ബുദ്ധി ഉദ്യോഗസ്ഥ ബുദ്ധിക്കും അപ്പുറമാണ്. 

‘ജയിലില്‍ ജുഡീഷ്യല്‍ പരിശോധന വരുമ്പോള്‍ ഷീല്‍ഡ് വച്ചാണ് ഗോവിന്ദച്ചാമിയെ കാണിക്കാറുള്ളത്. നിരന്തരം അയാള്‍  ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചുകൊണ്ടേയിരുന്നു, കോടതിനടപടികള്‍ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നത് കണ്ടു, ഒരിക്കല്‍, താനിനിയും കൊല്ലുമെന്ന് കോടതിയില്‍ വിളിച്ചു പറഞ്ഞു, ആരെയാണ് കൊല്ലുക എന്ന് ചോദിച്ചപ്പോള്‍ സ്വന്തം വക്കീലായ ആളൂരിനെ തന്നെ കൊല്ലുമെന്നാണ് പറഞ്ഞതെന്ന് മനസിലായി, ആളൂര്‍ അയാള്‍ക്കുവേണ്ടി ശക്തമായി വാദിച്ചില്ലെന്ന് തോന്നിയപ്പോഴായിരുന്നു ഈ കൊലവിളി. പൊലീസ് പിടിച്ചാലും നില്‍ക്കുന്ന ആളല്ല ഗോവിന്ദച്ചാമി. അത്രയക്ക് ശക്തനാണ്. 

കൈവിലങ്ങിട്ട ശേഷം അതിനോടു ചേര്‍ത്ത് ബന്ധിച്ചിട്ടുള്ള ചങ്ങല  ചുറ്റിപ്പിടിച്ചാല്‍ മാത്രമേ അവനെ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. ‘ഈ കൊടുംക്രിമിനലിനെ എന്നും കാണേണ്ടിവരുന്ന ജയില്‍ ജീവനക്കാരെ കുറ്റപ്പെടുത്താനാവില്ല. ദിവസവും എത്രത്തോളം ബുദ്ധിമുട്ടിയാവും ഇയാള്‍ക്ക് സെല്ലിലേക്ക് ഭക്ഷണം പോലും കൊടുക്കുന്നതെന്ന് ഓര്‍ത്താല്‍ മതി, കടുവാക്കൂട്ടില്‍ കയറുന്ന പോലെയാണ് അവന്‍റെ സെല്ലിലേക്ക് കയറാനാവുക, അവന്‍റെ കണ്ണിലേക്ക് ഞാന്‍ നോക്കിയിട്ടുണ്ട്, സ്പൈന്‍ചില്ലിങ് വരുത്തും, നമ്മുടെ നട്ടെല്ല് തരിച്ചു വിറയ്ക്കും, അതുപോലെ തന്നെയാണ് കൃഷ്ണപ്രിയയുടെ കൊല നടത്തിയ മുഹമ്മദിന്‍റെ കണ്ണിലേക്ക് നോക്കുമ്പോഴും. താന്‍ കണ്ടതില്‍വച്ച് തന്നെ ഏറ്റവും വലിയ ക്രിമിനലുകളാണ് ഇരുവരും. ഒരു ദൃക്സാക്ഷിയുടെ മൊഴിയാണ് ഈ കേസ് സുപ്രിംകോടതിയില്‍ ദുര്‍ബലമാക്കിയത്. ഈ പെണ്‍കുട്ടി ചാടി രക്ഷപ്പെട്ടു പോയി എന്നൊരു സ്റ്റേറ്റ്മെന്‍റ് കോടതി റെക്കോര്‍ഡിലുണ്ട്. രക്ഷപ്പെട്ടുപോയി എന്നത് അയാള്‍ കൂട്ടിച്ചേര്‍ത്തതായിരുന്നു. അയാളെ കണ്ടെത്താനായില്ലെന്നതാണ് കേസിനെ ദുര്‍ബലമാക്കിയ കാര്യം. ആളൂര്‍ കണ്ടുപിടിച്ചതായിരുന്നില്ല ആ ദൃക്സാക്ഷിയെ, സംഭവത്തെക്കുറിച്ചുള്ള കോടതി സമ്മറീസില്‍ ഉളള കാര്യമാണിത്. 

‘പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ തന്നെ കൊലയാളിയുടെ ക്രിമിനല്‍ മനസിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായി. ഒരു കയ്യുടെ അഞ്ച് വിരലുകളും പെണ്‍കുട്ടിയുടെ കോളര്‍ബോണില്‍ അമര്‍ന്നിരുന്നു. ഇടത്തേ കൈപിടിച്ച് തിരിച്ചു, 14പല്ലുകളോളം അയാള്‍ അടിച്ചുതെറിപ്പിച്ചു, തലമുടി കുത്തിപ്പിടിച്ച് വളരെ പെട്ടെന്ന് ഡോറിനടുത്തുള്ള പാസേജില്‍ ഇടിച്ചു. നെറ്റിയിലെ എല്ലുപൊട്ടി, തലയോട്ടി മധ്യഭാഗം പൊട്ടി, പിറ്റ്യൂറ്ററി ഗ്രന്ഥി രണ്ടായി, പിന്നാലെ അബോധാവസ്ഥയിലായി, എങ്കിലും അവള്‍ ധീരയായ പെണ്‍കുട്ടിയാണെന്ന് ഞാന്‍ പറയും. കാരണം കിട്ടിയ ചെറിയ സമയത്തിനുള്ളില്‍ അവള്‍ വളര്‍ത്തിനീട്ടിയ നഖങ്ങള്‍ കൊണ്ട് അയാളുടെ കഴുത്ത് മുതല്‍ നെഞ്ചിലേക്ക് വരഞ്ഞുകീറിയിരുന്നു, ഇത്രയുമായപ്പോഴേക്ക് അവള്‍ പഴംതുണി പോലെ അയാളുടെ ഒരു കയ്യില്‍ തൂങ്ങിക്കിടക്കുകയായിരുന്നു, അതിനു ശേഷമാണ് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് ബലാത്സംഗം ചെയ്തത്. മുഖം പോലും തകര്‍ന്ന അവസ്ഥയിലാണ് അയാള്‍ ബലാത്സംഗം ചെയ്തത് എന്നതില്‍ നിന്നുതന്നെ അവന്‍റെ ക്രൂരത വ്യക്തമായിരുന്നു. 

അന്ന് ഗോവിന്ദച്ചാമിയെ പരിശോധിച്ച ഡോക്ടറോട് പറഞ്ഞത് വഴിയരികില്‍ ഇരിക്കുന്ന പായസം കിട്ടിയാല്‍ കഴിക്കില്ലേയെന്നാണ്. തന്‍റെ കരിയറില്‍ തന്നെ ഗോവിന്ദച്ചാമിയോളം പോന്നൊരു ക്രിമിനലിലെ താന്‍ കണ്ടിട്ടില്ലെന്നും ഷേര്‍ളി വാസു പറയുന്നു. അവനെ ജയിലില്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചും ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു'– ഷേര്‍ലി വാസു കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Calling Govindachami a brutal criminal would still be an understatement. This was the reaction of Dr. Sherly Vasu, the forensic expert who conducted the post-mortem examination of the young woman brutally assaulted by him. "She was only 23 years old. To kill someone in such a horrific manner, his mind must have been incredibly cruel," said Dr. Sherly at the time. Speaking to ManoramaNews.com, she said that hearing about Govindachami’s prison break filled her and her family with deep fear, just like the victim’s mother.