• സുരക്ഷാ നടപടി സ്വീകരിക്കാതെ ദേശീയപാത അതോറിറ്റി
  • ഡ്രോണ്‍ പരിശോധന നടത്തിയത് ജൂണ്‍ 19ന്
  • റിപ്പോര്‍ട്ടിന് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് കലക്ടര്‍

കാസർകോട് വീരമല കുന്നിടിഞ്ഞുണ്ടായ അപകടത്തിൽ പ്രതിസ്ഥാനത്ത് ദേശീയപാത അതോറിറ്റി. കഴിഞ്ഞമാസം മേഖലയിൽ ഡ്രോൺ പരിശോധന നടത്തി സുരക്ഷിതമല്ലെന്ന് ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിട്ടും  അതോറിറ്റി തിരിഞ്ഞുനോക്കിയില്ല. ഇന്നലെ ഉണ്ടായ അപകടത്തിൽ തലനാരിഴക്കാണ് റോഡിലെ യാത്രക്കാർ രക്ഷപ്പെട്ടത്. മലയില്‍ വിള്ളലുണ്ടെന്ന് ഡ്രോണ്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിന് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് കലക്ടര്‍ കെ. ഇമ്പശേഖരന്‍ മനോരമന്യൂസിനോട് പറഞ്ഞു. 

ഇന്നലെയാണ് ദേശീയപാതയിലേക്ക് പതിച്ച മണ്ണില്‍ ഒഴുകി നീങ്ങിയ കാറില്‍ നിന്നും അധ്യാപിക തലനാരിഴയ്ക്ക് രക്ഷപെട്ടത്. ജൂണ്‍ 19നാണ് കാസര്‍കോട് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖരന്‍ മലയില്‍ ഡ്രോണ്‍ പരിശോധന നടത്തിയത്. വെള്ളം ഇറങ്ങിയാല്‍ എപ്പോള്‍ വേണമെങ്കിലും വലിയ അപകടം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കലക്ടര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കുകയും ചെയ്തു. 

ആദ്യ അലൈൻമെന്റ് മലയിൽ നിന്നും മാറി, തൂണിലൂടെ പാത നിർമ്മിക്കാൻ ആയിരുന്നു  ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. എന്നാല്‍ പല ഇടപെടലുകൾക്കും ഒടുവിൽ പാരിസ്ഥിതിക പ്രത്യേകതകളുള്ള മല കീറി മുറിച്ച് റോഡ് നിർമ്മാണത്തിലേക്ക് എത്തി. നിർമ്മാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻ മണ്ണ് കിട്ടാനുള്ള എളുപ്പവഴിയായിരുന്നു ഇതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മല ഇടിച്ചതിന് മേഘ കൺസ്ട്രക്ഷന് ജിയോളജി വകുപ്പ് ഒന്നരക്കോടിക്ക് മുകളിൽ പിഴ ഇട്ടിരുന്നു. 

ENGLISH SUMMARY:

The National Highways Authority is under fire after a landslide at Veeramala Hill, Kasaragod. Despite a District Collector's drone survey report warning of instability last month, NHAI reportedly took no action, leading to a narrow escape for travelers yesterday