കേരള സർവകലാശാലയിൽ വിസി–റജിസ്ട്രാർ പോര് മുറുകുന്നു. റജിസ്ട്രാര്‍ ഡോ. കെ.എസ്.അനിൽ കുമാറിന് സസ്പെൻഷൻ കാലയളവിലെ ശമ്പളം നൽകേണ്ടെന്ന വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിന്‍റെ ഉത്തരവാണ് പോര് കടുപ്പിക്കുന്നത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സംബന്ധിച്ച വിവാദത്തിൽ ഗവർണറോട് അനാദരവു കാണിച്ചെന്ന കാരണം കാണിച്ച് ജൂലൈ മൂന്നിനാണ് വൈസ് ചാൻസലർ റജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്.
റജിസ്ട്രാറെ താന്‍ സസ്പെന്‍ഡ് ചെയ്തതാണെന്നും അതിനാല്‍ സസ്പെന്‍ഷന്‍ കാലയളവിലെ ശമ്പളം നല്‍കരുതെന്നുമാണ് വിസിയുടെ ഉത്തരവ്. സസ്പെൻഷൻ കാലയളവിൽ നിശ്ചിത തുക അലവന്‍സ് മാത്രമായിരിക്കും ലഭിക്കുക. എന്നാല്‍ സസ്പെൻഷൻ നിയമപരമല്ല, നിയമന അധികാരിയായ സിന്‍ഡിക്കേറ്റ് അതു റദ്ദുചെയ്തു എന്ന് കാണിച്ച് അനില്‍കുമാര്‍ സര്‍വകലാശാലയില്‍ എത്തുന്നുണ്ട്. അതേസമയം, സസ്പെൻഷൻ കാലയളവിൽ ഓഫിസിൽ എത്തുന്നതു നിയമവിരുദ്ധമാണെന്ന് വിസി പറയുന്നു.
സസ്പെന്‍ഷന്‍ അംഗീകരിച്ച് ഓഫിസില്‍ നിന്ന് മാറി നിന്ന ശേഷം അപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്ന ഉപാധി, വിസി മുന്നോട്ടു വച്ചെങ്കിലും സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളും റജിസ്ട്രാറും യോജിച്ചില്ല. സർക്കാരും ഗവർണറും തമ്മില്‍ ആശയവിനിമയം നടത്തിയെങ്കിലും കേരള സർവകലാശാലയിലെ പ്രശ്ന്ങ്ങൾക്ക് മാത്രം ഇതുവരെ പരിഹാരം ആയില്ല.