ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വംബോർഡും പള്ളിയോടസേവാ സംഘവും തമ്മിൽ തർക്കം. വള്ളസദ്യയെ വാണിജ്യവൽക്കരിക്കാൻ ദേവസ്വംബോർഡ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പള്ളിയോടസേവാ സംഘം രംഗത്തെത്തി. ഞായറാഴ്ചകളിൽ വള്ളസദ്യ നടത്തുന്നതിനെതിരെ പള്ളിയോടസേവാ സംഘം ദേവസ്വംബോർഡിന് കത്ത് നൽകിയിട്ടുണ്ട്. ദേവസ്വംബോർഡിന്റെ ഇടപെടൽ ആചാരലംഘനമാണെന്നും കത്തിൽ പള്ളിയോടസേവാ സംഘം ചൂണ്ടിക്കാട്ടുന്നു. വള്ളസദ്യയുടെ പവിത്രതയും ആചാരപരമായ പ്രാധാന്യവും നിലനിർത്തുന്നതിൽ ബോർഡ് വീഴ്ച വരുത്തുന്നുവെന്നാണ് ഇവരുടെ പ്രധാന വിമർശനം.
കാലങ്ങളായി ആറന്മുള വള്ളസദ്യ നടത്തിക്കൊണ്ടിരിക്കുന്നത് പള്ളിയോട കരകളുടെ കൂട്ടായ്മയായ പള്ളിയോടസേവാ സംഘമാണ്. പള്ളിയോട സേവാസംഘത്തിനാണ് വഴിപാട് വള്ളസദ്യ നടത്താൻ വേണ്ടി ബന്ധപ്പെടേണ്ടത്. എന്നാൽ, ഞായറാഴ്ചകളില്‍ ദേവസ്വം ബോർഡ് നടത്തുന്ന വള്ളസദ്യയിൽ താൽപ്പര്യമുള്ളവർക്ക് 250 രൂപ അടച്ച് ബുക്ക് ചെയ്യാം എന്നുള്ളതാണ് പുതിയ തീരുമാനം. ഇതിനെതിരെയാണ് പള്ളിയോടസേവാ സംഘം രംഗത്ത് വന്നിട്ടുള്ളത്.
ഈ ഇടപെടൽ ആചാര അനുഷ്ഠാനങ്ങളുടെ ലംഘനമാണെന്നും, പള്ളിയോട സേവാസംഘം നടത്തുന്നതുപോലെയല്ല ദേവസ്വം ബോർഡ് നടത്താൻ പോകുന്ന വള്ളസദ്യയെന്നും പള്ളിയോടസേവാ സംഘം വാദിക്കുന്നു. ഏതെങ്കിലും പള്ളിയോടങ്ങൾ പങ്കെടുക്കാത്തതിനാൽ, 250 രൂപ വാങ്ങിക്കൊണ്ടുള്ള ഒരു വാണിജ്യ താൽപ്പര്യമാണ് ഇതിന് പിന്നിലെന്നും ആരോപിക്കുന്നു. ദേവസ്വം ബോർഡ് തങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്നും പള്ളിയോട സേവാസംഘം ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ആദ്യഘട്ടത്തിൽ ആറന്മുള ക്ഷേത്രം സമിതിയുമായി ചർച്ച നടത്തിയെന്നും, അതിനുശേഷം കഴിഞ്ഞ ജൂൺ മാസത്തിൽ പള്ളിയോട സേവാസംഘം പ്രസിഡന്റ് അടക്കം പങ്കെടുത്ത യോഗത്തിലും ഇക്കാര്യം അവതരിപ്പിച്ചതാണെന്നും ദേവസ്വം ബോർഡ് വാദിക്കുന്നു. വള്ളസദ്യ ഏറ്റെടുക്കണം എന്നുള്ള നിർദ്ദേശം ഹൈക്കോടതിയുടെ ഉണ്ടെന്നും ദേവസ്വംബോർഡ് പറയുന്നു.
സാമ്പത്തികവും സംഘാടനപരവുമായ വശങ്ങൾ
ഏകദേശം നാലര കോടിയോളം രൂപയാണ് പള്ളിയോട സേവാസംഘത്തിന് വള്ളസദ്യയിൽ നിന്ന് ലഭിക്കുന്നത്. സദ്യക്കുള്ള പണമടക്കം ചെലവഴിക്കുന്നതും പള്ളിയോട സേവാസംഘമാണ്. മാത്രമല്ല, കിട്ടുന്ന പണത്തിൽ നിന്നാണ് 52 പള്ളിയോടങ്ങൾക്കും കൃത്യമായി ഗ്രാന്റ് അനുവദിക്കുന്നത്. അതുപോലെ ഉത്തൃട്ടാതി ജലമേള അടക്കം സംഘടിപ്പിക്കുന്നത് പള്ളിയോടസേവാ സംഘമാണ്. സ്വാഭാവികമായും വള്ളസദ്യ പിടിച്ചെടുക്കാൻ വേണ്ടി ദേവസ്വം ബോർഡ് ശ്രമിക്കുന്നു എന്ന തോന്നൽ പള്ളിയോടസേവാ സംഘത്തിനുണ്ട്. ഇതിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ നടക്കുന്നത് എന്നുള്ളതാണ് അവരുടെ വിലയിരുത്തൽ.
ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് നടക്കുന്ന വള്ളസദ്യ, പരമ്പരാഗതമായ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ഈ സാഹചര്യത്തിൽ, ദേവസ്വംബോർഡും പള്ളിയോടസേവാ സംഘവും തമ്മിലുള്ള തർക്കം വള്ളസദ്യയുടെ നടത്തിപ്പിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.