കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഷാര്‍ജയില്‍ മകള്‍ക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ ശരീരത്തില്‍ ക്ഷതമേറ്റ നിരവധി അടയാളങ്ങളെന്ന് അന്വേഷണസംഘം. വിദേശത്ത് നിന്നെത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്ത സമയത്താണ് പരുക്ക് തെളിഞ്ഞത്. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെ നാട്ടിലെത്തിക്കാന്‍ റെഡ് കോര്‍ണര്‍ നോട്ടിസിറക്കുമെന്നും ശാസ്താംകോട്ട ഡി വൈ എസ് പി പറഞ്ഞു.
ഭര്‍ത്താവിന്‍റെ മര്‍ദനത്തില്‍ മനംമടുത്ത് വിപഞ്ചിക ജീവനൊടുക്കിയെന്ന കുടുംബത്തിന്‍റെ ആരോപണത്തിന് കൂടുതല്‍ ബലം നല്‍കുന്നതാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ഉള്‍പ്പെടെ ഒറ്റയ്ക്ക് നേരിടുമെന്ന് അറിയിച്ച വിപഞ്ചികയുടെ മരണത്തില്‍ ആരുടെയോ ഇടപെടലുണ്ടെന്ന് സഹോദരന്‍. വിപഞ്ചികയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിച്ചുള്ള അന്വേഷണത്തില്‍ മാത്രമേ നീതി ലഭിക്കൂ എന്നതാണ് കുടുംബത്തിന്‍റെ നിലപാട്. സര്‍ക്കാര്‍ ആത്മാര്‍ഥമായി ഇടപെടണമെന്ന് ബി.ജെ.പി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കേരളപുരത്തെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ഈമാസം പതിനേഴിന് ദുബായില്‍ സംസ്ക്കരിച്ചിരുന്നു. ഈമാസം ഒന്‍പതിനാണ് കൊല്ലം ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചിക, മകള്‍ വൈഭവി എന്നിവരെ ഷാര്‍ജയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.