ഷാർജയിൽ മകന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് ഉത്തരവാദിയായ ഡ്രൈവർക്ക് മാപ്പു നൽകി മലയാളി ദമ്പതിമാർ. നാട്ടിൽ നിന്ന് മാതാവിനോടൊപ്പം പിതാവിനെ കാണാനെത്തിയ പിഞ്ചുബാലനാണ് വാഹനാപകടത്തിൽ മരിച്ചത്. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ അലൻ റൂമിക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണിയെയാണ് അമിതവേഗത്തിലെത്തിയ വാഹനം കവർന്നത്. ഉള്ളുരുകുന്ന വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകിയിരിക്കുകയാണ് മലയാളി ദമ്പതികൾ
ഈ മാസം 11നാണ് ഷാർജയിൽ അലൻ റൂമിയുടെ മരണത്തിനിടയായ വാഹനാപകടമുണ്ടായത്. സന്ദർശക വീസയിൽ ഷാർജയിൽ ഭർത്താവിന്‍റെ അടുത്ത് മകനെയും കൊണ്ട് എത്തിയതായിരുന്നു സഫ്ന. 'ഫ്ലാറ്റിന് സമീപം മണൽ വിരിച്ച പാർക്കിങ് ഏരിയയിൽ മാലിന്യം നിക്ഷേപിക്കാൻ സഫ്ന പോയപ്പോൾ കൂടെയുണ്ടായിരുന്ന അലൻ പെട്ടെന്ന് കയ്യിൽ നിന്ന് കുതറി ഓടുകയും തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനം എടുക്കുന്നതിനിടയിൽ കുട്ടി അതിനടിയിൽപ്പെടുകയുമായിരുന്നു.
‘ഡ്രൈവർക്ക് കുട്ടിയെ കാണാൻ സാധിക്കുമായിരുന്നില്ല. അദ്ദേഹത്തെ ക്രൂശിച്ചതുകൊണ്ട് ഞങ്ങളുടെ മകനെ തിരികെ കിട്ടില്ലല്ലോ, മറ്റൊരു കുടുംബം കൂടി കണ്ണീരിലാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല' വിതുമ്പലോടെ ഷറഫുദ്ദീൻ പറഞ്ഞു. അപകടം നടന്നയുടൻ ഡ്രൈവർ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവൻ രക്ഷിക്കാനായില്ല.