വി.എസ്സിന് ലാല്‍ സലാം പറഞ്ഞ് പതിനായിരങ്ങള്‍. വിലാപയാത്രയിലൂടനീളം സമരസഖാവിന് ഇടനെഞ്ചുപൊട്ടി അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്ന കാഴ്ചകള്‍. രാവിലെ ആലപ്പുഴ ഡിസിയില്‍ പൊതുദര്‍ശനം. 11 മണി മുതല്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം.വൈകിട്ട് വലിയചുടുകാട്ടിലാണ് സംസ്കാരം.
Also Read: 'വിഎസ് അവസാനത്തെ കമ്മ്യൂണിസ്റ്റ് അല്ല, അതിന് കൃത്യമായ മറുപടി ഈ സഹോദരി നല്‍കും'
വിലാപയാത്ര ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചു. പാതിരാത്രിയിലും വഴിനീളെ ജനക്കൂട്ടം തമ്പടിച്ചിരുന്നു. മഴയത്തും അണമുറിയാത്ത ജനപ്രവാഹമായിരുന്നു. അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ മഴ നനഞ്ഞ് സ്ത്രീകളും വഴിനീളെ ജനം നായകന് അന്ത്യയാത്ര നേര്‍ന്നു.
ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര പത്തര മണിക്കൂറുകളെടുത്താണ് അതിര്‍ത്തി കടന്ന് കൊല്ലം ജില്ലയിലെത്തിയത്. പള്ളിമുക്കിലും കൊട്ടിയത്തും വന്‍ജനക്കൂട്ടമാണ് വി.എസിനെ അവസാനമായൊരു നോക്ക് കാണാന്‍ തടിച്ചുകൂടിയത്. വഴിനീളെ ‘കണ്ണേ... കരളേ... വിഎസ്സേ...’ മുദ്രാവാക്യവുമായി പ്രായഭേദമന്യേ ജനസാഗരമാണ് വി.എസിന് വിടനല്‍കിയത്.
പതിറ്റാണ്ടുകളായി വിഎസിന്‍റെ രാഷ്ട്രീയഭരണ തട്ടകമായ തിരുവനന്തപുരം പ്രിയസഖാവിന് വിട പറഞ്ഞു. ജനസഹസ്രങ്ങളില്‍ ആ രണ്ടക്ഷരം എത്രമാത്രം ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതിന്‍റെ നേര്‍സാക്ഷ്യങ്ങളാണ് അനന്തപുരിയുടെ വീഥികളില്‍ കണ്ടത്. പാർട്ടി ആസ്ഥാനത്തും കുന്നുകുഴിയിലെ വേലിക്കകത്ത് വീട്ടിലും ഒടുവിൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും കണ്ടത് ഒന്നുമാത്രമായിരുന്നു... പ്രിയ നേതാവിനോടുള്ള സമാനതകളില്ലാത്ത സ്നേഹം. ആ സ്നേഹത്തിന്‍റെ നേര്‍ചിത്രമാണ്... പോരാട്ട വഴികളിലൂടെയുള്ള മടക്കത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, ഒരുനോക്ക് കാണാന്‍ വഴിനീളെ കാത്തുനില്‍ക്കുന്ന ജനാവലി.
വി.എസിന്‍റെ വിയോഗ വിവരമറിഞ്ഞ് ആശുപത്രിയിലും രാപ്പകല്‍ വി.എസ് കര്‍മനിരതനായിരുന്ന പഴയ പാര്‍ട്ടി ആസ്ഥാനമായ എകെജി പഠന ഗവേഷണ കേന്ദ്രത്തിലും പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്. ഭരണാധികാരികളും സാധാരണ തൊഴിലാളികളും തിങ്ങി നിറഞ്ഞു. വി.എസ് വിശ്രമജീവിതം നയിച്ച ലോ കോളജിന് സമീപത്തെ വേലിക്കകത്ത് വീട്ടിലും സമരസഖാവിന് അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കാന്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു.